കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കണ്ടക്ടര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ ഗുരുതരകുറ്റം; ശക്തമായ നടപടിയെന്ന് മന്ത്രി

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ചുമതലയാണ്. കെഎസ്ആര്‍ടിസി എംഡിയോട് വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2022-03-06 05:33 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ചുമതലയാണ്. സംഭവത്തില്‍ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. ലൈംഗികാതിക്രമത്തില്‍ കണ്ടക്ടര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതര കുറ്റമാണ്. സംഭവത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. വിഷയത്തില്‍ കെഎസ്ആര്‍ടിസി എംഡിയോട് വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞദിവസം തിരുവനന്തപുരം കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ വച്ചായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ അധ്യാപികക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. എറണാകുളം പിന്നിട്ട് തൃശൂരിനോട് അടുത്തപ്പോഴാണ് സംഭവം നടന്നതെന്ന് അധ്യാപിക പറഞ്ഞു. ഉറങ്ങിയ സമയത്ത് പിന്നില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. പരാതിപ്പെട്ടിട്ടും ബസ് കണ്ടക്ടര്‍ സംഭവത്തെ ഗൗരവമായി എടുത്തില്ലെന്ന് അധ്യാപിക ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

തന്റെ സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ ഒര് അക്ഷരം പോലും പ്രതികരിച്ചില്ലെന്നും അതിലാണ് തനിക്ക് ഏറെ വിഷമം തോന്നിയതെന്നും അധ്യാപിക പറഞ്ഞു. സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ കെഎസ്ആര്‍ടിക്കും പോലിസിനും പരാതി നല്‍കുമെന്ന് അധ്യാപിക പറഞ്ഞു. സുരക്ഷിതമെന്ന് കരുതിയാണ് രാത്രി യാത്രകള്‍ക്ക് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നതെന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെന്നും അധ്യാപിക പറഞ്ഞു.

Tags:    

Similar News