സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസ്: ഷാജ് കിരണും ഇബ്രാഹിമും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി
കൊച്ചി: സ്വപ്‌നാ സുരേഷിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍, സുഹൃത്ത് ഇബ്രാഹിം എന്നിവര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് എറണാകുളം പോലിസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനായി ഷാജ് കിരണും ഇബ്രാഹിമും എത്തിയത്. സ്വപ്‌നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഷാജ് കിരണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
കേസില്‍ ഇരുവരെയും അറസ്റ്റിന് തീരുമാനിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത്. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കില്‍ 41 എ നോട്ടീസ് നല്‍കിയ ഇരുവരെയും വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിനു ശേഷമാവും ഷാജ് കിരണിനെ പ്രതിയാക്കണോയെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖയിലുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായാണ് ചോദ്യം ചെയ്യല്‍.
ഇരുവരും പുലര്‍ച്ചയോടെയാണ് ചെന്നൈയില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തിയത്. അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരമാണ് എത്തിയതെന്ന് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പറയാനുള്ള കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് പറയുമെന്ന് പറഞ്ഞ ഷാജ് കിരണ്‍, തനിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും പ്രതികരിച്ചു.
രഹസ്യമൊഴി തിരുത്താന്‍ ഷാജ് കിരണും സുഹൃത്തും ദൂതനായി എത്തിയെന്ന് സ്വപ്‌ന വെളിപ്പെടുത്തിയതിന് പിന്നാലെ കേരളം വിട്ട ഇരുവരും അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. സ്വപ്‌നാ സുരേഷ് തങ്ങളെ കെണിയില്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജ് കിരണും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ ഷാജ് കിരണിന്റെയും സ്വപ്‌നാ സുരേഷിന്റെയും വെളിപ്പെടുത്തലില്‍ ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് നിയമ നടപടിയിലേക്ക് കടക്കുകയാണ്. ഇരുവര്‍ക്കുമെതിരേ സഭ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കേടതിയില്‍ ഹരജി നല്‍കി.