ഷാജ് കിരണ്‍ അടുത്ത സുഹൃത്ത്; മാനസികമായി തളര്‍ത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു'; ആരോപണവുമായി സ്വപ്‌ന

സരിത്തിനെ അടുത്തദിവസം പിടിച്ചുകൊണ്ടുപോകുമെന്നു തലേദിവസം തന്നെ ഷാജ് പറഞ്ഞു. പറഞ്ഞതു പോലെ തന്നെ സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. വിജിലന്‍സാണ് സരിത്തിനെ കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചതും ഷാജാണ്. ശിവശങ്കര്‍ ഐഎഎസാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും സ്വപ്‌ന വെളിപ്പെടുത്തി.

Update: 2022-06-09 13:13 GMT

പാലക്കാട്: ഷാജ് കിരണ്‍ അടുത്ത സുഹൃത്താണെന്ന് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ്. താന്‍ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരണ്‍ പാലക്കാട് വന്നത്. തന്നെ മാനസികമായി തളര്‍ത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഷാജ് ശ്രമിച്ചതായി സ്വപ്‌ന ആരോപിച്ചു.

സരിത്തിനെ അടുത്തദിവസം പിടിച്ചുകൊണ്ടുപോകുമെന്നു തലേദിവസം തന്നെ ഷാജ് പറഞ്ഞു. പറഞ്ഞതു പോലെ തന്നെ സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. വിജിലന്‍സാണ് സരിത്തിനെ കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചതും ഷാജാണ്. ശിവശങ്കര്‍ ഐഎഎസാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും സ്വപ്‌ന വെളിപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോടു സംസാരിക്കണമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. സംസാരിച്ചതിന്റെ ശബ്ദരേഖയും മറ്റു തെളിവുകളും ഉടന്‍ പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനായി ഷാജ് കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചതായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്നാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

Tags:    

Similar News