സ്വപ്‌നയുടെ രഹസ്യമൊഴി:ഷാജ് കിരണിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു;നാളെ കോടതിയില്‍ 164 പ്രകാരം മൊഴി നല്‍കുമെന്ന് ഷാജ് കിരണ്‍
നാളെ പാലക്കാട് കോടതിയില്‍ 164 പ്രകാരം മൊഴി നല്‍കുന്നുണ്ട്.ഇതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഷാജ് കിരണ്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രിയ്ക്കുവേണ്ടി ഇടനിലക്കാരനായെത്തിയെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ ഇ ഡി ഓഫിസിലാണ് ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നത്.രാവിലെ 11 ഓടെയാണ് ഷാജ് കിരണ്‍ ചോദ്യം ചെയ്യലിനായി ഇ ഡി ഓഫിസില്‍ ഹാജരായത്.ഈ മാസം അഞ്ചിനും ഷാജ് കിരണിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ഷാജ് കിരണിനെ വിളിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും തന്നെ വിളിപ്പിച്ചിരിക്കുന്നതെന്ന് ഇ ഡി ഓഫിസില്‍ ഹാജരാകാന്‍ എത്തിയ ഷാജ് കിരണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സ്റ്റേറ്റ്‌മെന്റിന്റെ ബാക്കി നല്‍കാനുണ്ട്.താന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വിധത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഷാജ് കിരണ്‍ പറഞ്ഞു.
കഴിഞ്ഞ മാസം 15നു തന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇതിന്റെ രസീത് തന്റെ പക്കലുണ്ട്.ഇത് താന്‍ ഇ ഡി ക്കു നല്‍കും. നാളെ താന്‍ പാലക്കാട് കോടതിയില്‍ 164 പ്രകാരം മൊഴി നല്‍കുന്നുണ്ട്.ഇതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും.സ്വപ്നയെ എങ്ങനെ പരിചയപ്പെട്ടുവെന്നതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ഷാജ് കിരണ്‍ പറഞ്ഞു.