കര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിന്റെ ചെകിടത്ത് അടിച്ച് ജെഡിഎസ് എംഎല്‍എ (വീഡിയോ)
ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ് എംഎല്‍എ കോളജ് പ്രിന്‍സിപ്പലിന്റെ ചെകിടത്ത് അടിച്ചു. ജെഡിഎസ്സിന്റെ മാണ്ഡ്യയില്‍ നിന്നുള്ള എംഎല്‍എ എം ശ്രീനിവാസാണ് മാണ്ഡ്യ നാല്‍വാടി കൃഷ്ണരാജ വാദ്യാര്‍ ഐടിഐ കോളജ് പ്രിന്‍സിപ്പല്‍ നാഗാനന്ദിന്റെ മുഖത്തടിച്ചത്. കോളജിലെ ജീവനക്കാരും എംഎല്‍എയുടെ സ്റ്റാഫുകളും നോക്കിനില്‍ക്കെയായിരുന്നു അക്രമം. കോളജിലെ കംപ്യൂട്ടര്‍ ലാബിന്റെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയാതിരുന്നതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച നടന്ന എംഎല്‍എയുടെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
Mandya @JanataDal_S MLA M Srinivas slapped Mandya ITI College Principal Naganand. MLA visited the college & principal allegedly didn't provide information on development work of college 2 MLA. Furious with the behaviour of Principal, MLA slapped principal in front his colleagues. pic.twitter.com/KBGZXuZ5s8
— Sagay Raj P || ಸಗಾಯ್ ರಾಜ್ ಪಿ (@sagayrajp) June 21, 2022
കോളജിലെത്തിയ എംഎല്‍എ ലാബിന്റെ നിര്‍മാണപ്രവൃത്തികളെക്കുറിച്ച് പ്രിന്‍സിപ്പലിനോട് ചോദിക്കുന്നതും ആവര്‍ത്തിച്ച് മുഖത്തടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടുതവണ ടിക്കുകയും പലതവണ അടിക്കാന്‍ കൈ ഓങ്ങുകയും ചെയ്യുന്നുണ്ട്. എംഎല്‍എ ക്ഷുഭിതനായി സംസാരിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ നിസ്സഹായനായി നില്‍ക്കുന്നതും അടിക്കാന്‍ വരുമ്പോള്‍ ഒഴിഞ്ഞുമാറുന്നതും വീഡിയോയില്‍ വ്യക്തമാണ്. എംഎല്‍എയെ അനുനയിപ്പിക്കാന്‍ ഒപ്പമുള്ളവര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രിന്‍സിപ്പലിനെ ശക്തമായി ശകാരിക്കുകയാണ് ചെയ്തത്.
നവീകരിച്ച ഐടിഐ കോളജിന്റെ ഉദ്ഘാടന വേളയില്‍ ലബോറട്ടറിയിലെ പ്രവൃത്തിയെക്കുറിച്ച് പ്രിന്‍സിപ്പല്‍ നാഗനാട് അറിയിക്കാന്‍ കഴിയാതെ വന്നതാണ് എംഎല്‍എയെ ചൊടിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വിഷയം ജില്ലാ കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ മാണ്ഡ്യ ജില്ലാ പ്രസിഡന്റ് ശംഭുഗൗഡ പറഞ്ഞു. ഗൗഡ അസോസിയേഷന്റെ അടിയന്തര യോഗം വിളിച്ച് പ്രിന്‍സിപ്പലിന് നേരെയുണ്ടായ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ നാഗാനന്ദിനെ കാണുകയും സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരായുകയും പൂര്‍ണപിന്തുണ നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി ശംഭുഗൗഡ കൂട്ടിച്ചേര്‍ത്തു.