ഇഡിക്കെതിരായ ക്രൈംബാഞ്ച് കേസ് : അന്വേഷണത്തിന് സ്റ്റേയില്ല ;30 ന് വീണ്ടും പരിഗണിക്കും
30 വരെ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ക്കശമായ നടപടി പാടില്ലെന്ന് ക്രൈംബ്രാഞ്ചിനും സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കി.ഇരു വിഭാഗം ശക്തമായ വാദമാണ് ഹരജിയില്‍ കോടതിയില്‍ നടത്തിയത്.കേസ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഇ ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ അടക്കമുള്ള അഭിഭാഷകര്‍ കോടതിയ്ക്കു മൂന്നില്‍ ഉയര്‍ത്തിയത്.എന്നാല്‍ കേസില്‍ സ്‌റ്റേ അനുവദിക്കരുതെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ഉയര്‍ത്തിയത്
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയത് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ഡെപ്യുട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഈ മാസം 30 ന് വീണ്ടും വാദം തുടരും.കേസിന് സ്റ്റേ അനുവദിക്കാന്‍ കോടതി തയ്യാറായില്ല. എന്നാല്‍ 30 വരെ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ക്കശമായ നടപടി പാടില്ലെന്ന് ക്രൈംബ്രാഞ്ചിനും സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കി.ഇരു വിഭാഗം ശക്തമായ വാദമാണ് ഹരജിയില്‍ കോടതിയില്‍ നടത്തിയത്.കേസ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഇ ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ അടക്കമുള്ള അഭിഭാഷകര്‍ കോടതിയ്ക്കു മൂന്നില്‍ ഉയര്‍ത്തിയത്.എന്നാല്‍ കേസില്‍ സ്‌റ്റേ അനുവദിക്കരുതെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ഉയര്‍ത്തിയത്.
കേസില്‍ മൊഴി രേഖപെടുത്തുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ സ്‌റ്റേ അനുവദിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.ഹരജിക്കാരന്‍ ഉയര്‍ത്തിയിരുന്ന വാദങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കാനുണ്ടെന്നും അതിന് സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.എന്നാല്‍ ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ഇഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദം ഉയര്‍ത്തിയത്.
സ്വപ്‌ന മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ പരാമര്‍ശമുണ്ടെന്നും ഇഡിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.ജയിലില്‍ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സ്വപ്‌ന കോടതിയെ സമീപിച്ചിരുന്നുവെന്നും ഇ ഡിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ഇരു വിഭാഗത്തിന്റെയും വാദം ശേഷമാണ് കേസ് വീണ്ടും പരിഗണിക്കുന്നതിനായി 30 ലേക്ക് കോടതി മാറ്റിയത്.
കള്ളപ്പണം വെളുപ്പിക്കലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിക്കുകയെന്ന ഗൂഡോദ്ദേശത്തോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ഹരജിയിലെ ആരോപണം. കേസിലെ മുഖ്യപ്രതിയായ എം ശിവശങ്കര്‍ ജാമ്യത്തിലിറങ്ങി സാക്ഷികളെ സ്വാധീനിച്ചു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു ഹരജിയില്‍ പറയുന്നു. ശിവശങ്കര്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചു ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുകന്നതിനു ശ്രമിക്കുകയാണ്. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.സ്വര്‍ണ കടത്തു കേസിലെ മുഖ്യപ്രതിയായ സ്വപ്ന മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയും ഹരജിക്കൊപ്പം ഇ ഡി ഹാജരാക്കിയിട്ടുണ്ട്.