ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിലെ പൈതൃകോദ്യാനം വികസിപ്പിക്കുന്നു; മന്ത്രി സന്ദര്‍ശനം നടത്തി
തൃശൂര്‍: ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിലെ പൈതൃകോദ്യാനം വികസിപ്പിക്കുന്നതിന് നടപടിയാകുന്നു. ഇതിന്റെ ഭാഗമായി പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം സന്ദര്‍ശിച്ചു. കൊട്ടാരത്തിലും പൈതൃകോദ്യാനത്തിലും നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സന്ദര്‍ശനം. പുരാവസ്തു വകുപ്പിന്റെ ചുമതലയേറ്റതിന് ശേഷമുള്ള മന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണ്. വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മന്ത്രി മടങ്ങിയത്.
ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ നാലര ഏക്കറില്‍ പരന്ന് കിടക്കുന്ന ഉദ്യാനത്തിലെ ടൂറിസ്റ്റ് സാധ്യതകള്‍ക്ക് കൂടിയാണ് വഴി തുറക്കുന്നത്. ശക്തന്‍ തമ്പുരാന്‍ കൊട്ടാരവും ഉദ്യാനവും സര്‍പ്പക്കാവ് പാര്‍ക്കും ശക്തന്‍ തമ്പുരാന്‍ ശവകുടീരവും മന്ത്രി സന്ദര്‍ശിച്ചു. പി ബാലചന്ദ്രന്‍ എംഎല്‍എ, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, സംസ്ഥാന പുരാവസ്തു ഡയറക്ടര്‍ ഇ ദിനേശ്, പുരാവസ്തു ഉദ്യോഗസ്ഥര്‍, ജനപ്രതിനികള്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് ജില്ലയുടെ പൈതൃകം നിലനിര്‍ത്താന്‍ സാംസ്‌കാരിക നിലയങ്ങള്‍ സംരക്ഷിക്കുക, പ്രഭാത സവാരിക്ക് അനുയോജ്യമായ തരത്തില്‍ സൗകര്യമൊരുക്കുക, ഉദ്യാന പരിപാലനം, ദിനവും കല സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്
സാംസ്‌കാരിക കൂട്ടായ്മകളും വാക് വേ ക്ലബ്ബും ചേര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം യോഗം ചേര്‍ന്നു. യോഗത്തില്‍ ആര്‍ക്കിയോളജി ഡയറക്ടര്‍ ഇ ദിനേശന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി കെ ഷാജന്‍, മുന്‍ മേയര്‍ കെ രാധാകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.