മാനന്തവാടി: മലയാളി ചരക്കു കപ്പല്‍ ജീവനക്കാരനെ യാത്രാമധ്യേ കാണാനില്ലെന്ന് പരാതി. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിശ്വ ഏക്ത കപ്പലിലെ ട്രെയിനി ഉദ്യോഗസ്ഥന്‍ വയനാട് മാനന്തവാടിക്കടുത്ത വാളാട് സ്വദേശി നരിക്കുഴിയില്‍ ഷാജി, ഷീജ ദമ്പതികളുടെ മകന്‍ എന്‍.എസ് പ്രജിത്തിനെയാണ് കാണാതായത്.
വിശാഖപട്ടണത്ത് നിന്നും ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് കാണാതായതെന്നാണ് കമ്പനി ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ ചരക്കുമായി വിശാഖപട്ടണത്ത് നിന്നും യാത്ര തിരിച്ചത്. അന്നാണ് പ്രജിത്ത് അവസാനമായി വീട്ടിലേക്ക് വിളിച്ചതും. വെളളിയാഴ്ച അമ്മയ്ക്ക് ഫോണില്‍ സന്ദേശമയക്കുകയും ചെയ്തിരുന്നു.