ശിവസേനാ നേതാവിന്റെ ഭീഷണി: അന്വേഷണം ആവശ്യപ്പെട്ട് നവനീത് റാണ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി അയച്ചു
ന്യൂഡല്‍ഹി: ശിവസേന എം പി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ അമരാവതി എംപി നവനീത് റാണ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു. സച്ചിന്‍ വാസെ വിഷയം പാര്‍മെന്റില്‍ ഉയര്‍ത്തിയശേഷം ശിവസേനയുടെ എംപി അരവിന്ദ് റാണെ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
ഭീഷണി മുഴക്കിയ സംഭവത്തില്‍ പോലിസ് അന്വേഷണം ആവശ്യമാണെന്ന് നവനീത് ആവശ്യപ്പെട്ടു. അതേസമയം നവനീതിന്റെ ആരോപണം അരവിന്ദ് സാവന്ദ് നിഷേധിച്ചു.
പരാതി ആര്‍ക്കെതിരെയാണോ ഉയര്‍ന്നത് സ്പീക്കര്‍ അയാളുടെ മൊഴിയെടുക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മുന്‍ ലോക് സഭാ സെക്രട്ടറി ജനറല്‍ പിഡിടി ആചാര്യയുടെ അഭിപ്രായത്തില്‍ എംപിയുടെ പാര്‍ലമെന്റിലെ അഭിപ്രായപ്രകടനവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ ആ തലത്തില്‍ത്തന്നെ അത് പരിഗണിക്കണം.
തിങ്കളാഴ്ച ലോക്‌സഭയില്‍ ശൂന്യവേളയിലാണ് നവനീത്, സച്ചിന്‍ വാസെ വിഷയവും മുംബൈ പോലിസ് മേധാവി പരം ബീര്‍ സിങ്ങ് ഉന്നയിച്ച ആരോപണവും സഭയുടെ മുന്നില്‍ വച്ചത്.
തിങ്കളാഴ്ച തന്നെ നവനീത് സ്പീക്കറെ കണ്ടിരുന്നു. പാര്‍ലമെന്റ്ില്‍ ഒരു സ്ത്രീ സുരക്ഷിതയല്ലെങ്കില്‍ രാജ്യത്ത് എങ്ങനെയാണ് സുരക്ഷിതയാവുന്നതെന്ന് അവര്‍ ചോദിച്ചു.
മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ സംസാരിച്ചതിന്റെ പേരില്‍ തന്നെ ജയിലില്‍ അടയ്ക്കുമെന്ന് ശിവസേന എംപി അരവിന്ദ സാവന്ത് പാര്‍ലമെന്റില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതിനു പുറമെ ഫോണ്‍ കോളുകള്‍ വഴിയും ശിവസേനയുടെ ലെറ്റര്‍ ഹെഡ് മുഖേനയും തനിക്ക് ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്നുമാണ് നവനീതിന്റെ ആരോപണം. ആസിഡ് ആക്രമണമുണ്ടാവുമെന്നാണ് കത്തിലെ മുന്നറിയിപ്പെന്നും എംപി പറഞ്ഞു.
അംബാനിയുടെ വീട്ടിനടുത്തുനിന്ന് സ്‌ഫോടക വസ്തു നിറച്ച കാറ് പിടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ അസി. പോലിസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയുമായി ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് കൂടിയാലോചന നടത്തിയിരുന്നുവെന്നും പ്രതിമാസം നൂറ് കോടി രൂപ ശേഖരിക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയെന്നുമാണ് പരം ബീര്‍ ആരോപിച്ചത്. അതില്‍ 40-50 കോടി രൂപ 1,750 ബാറുകളില്‍ നിന്നും റസ്‌റ്റോറന്റുകളില്‍നിന്നുമാണ് ശേഖരിക്കാന്‍ നിര്‍ദേശിച്ചത്.