അമേരിക്കയില്‍ സംഗീത പരിപാടിക്കിടേ വെടിവെപ്പ്
ആദ്യം വെടിയേറ്റ 16കാരിയായ പെണ്‍കുട്ടി മരിച്ചതായും റിപോര്‍ട്ടുകളുണ്ട്
വാഷിങ്ടണ്‍:അമേരിക്കയില്‍ വാഷിങ്ടണ്‍ ഡിസിയില്‍ സംഗീത പരിപാടിക്കിടേ വെടിവെപ്പ്. ജൂണ്‍ടീന്‍ത് മ്യൂസിക് കണ്‍സേര്‍ട്ടിനിടെയാണ് ആക്രമണം ഉണ്ടായത്.വെടിവെപ്പില്‍ പരിക്കേറ്റവരില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.
വൈറ്റ് ഹൗസില്‍ നിന്ന് 2 മൈലില്‍ താഴെ മാത്രം അകലെയുള്ള യു സ്ട്രീറ്റ് നോര്‍ത്ത് വെസ്റ്റില്‍ നടന്ന സംഗീത പരിപാടിയിലാണ് സംഭവം.വെടിവെപ്പില്‍ പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം വെടിയേറ്റ 16കാരിയായ പെണ്‍കുട്ടി മരിച്ചതായും റിപോര്‍ട്ടുകളുണ്ട്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
യുഎസില്‍ തോക്ക് അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി ആക്രമണ ആയുധങ്ങള്‍ നിരോധിക്കണമെന്നും അല്ലെങ്കില്‍ അവ വാങ്ങാനുള്ള പ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.മേയ് 24ന് ടെക്‌സാസിലെ ഉവാള്‍ഡിലെ റോബ് എലിമെന്ററി സ്‌കൂളില്‍ നടന്ന കൂട്ട വെടിവയ്പ്പില്‍ 19 കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. 17 പേര്‍ കൊല്ലപ്പെട്ട ഫ്‌ലോറിഡയിലെ പാര്‍ക്ക് ലാന്‍ഡിലെ മാര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ 2018ല്‍ നടന്ന വെടിവെപ്പിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.
മേയ് 31 ന്, ന്യൂ ഓര്‍ലിയാന്‍സിലെ ഒരു ഹൈസ്‌കൂള്‍ ബിരുദദാന ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പില്‍ ഒരു വൃദ്ധ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.