ശ്വാസതടസ്സം; നാരദ ഒളികാമറ കേസില്‍ കസ്റ്റഡിയിലുള്ള തൃണമൂല്‍ നേതാക്കളായ മദന്‍ മിത്രയെയും സൊവന്‍ ചാറ്റര്‍ജിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: നാരദ ഒളിക്കാമറ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ നേതാക്കളായ മദന്‍ മിത്രയെയും സൊവന്‍ ചാറ്റര്‍ജിയെയും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെയും കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇരുവര്‍ക്കും ശ്വാസതടസ്സം നേരിട്ടത്.
തൃണമൂലിന്റെ എംഎല്‍എയാണ് മദന്‍ മിത്ര. തൃണമൂല്‍ മുന്‍മന്ത്രിയാണ് സൊവന്‍ ചാറ്റര്‍ജി.
സിബിഐ നാരദ ഒളിക്കാമറ കൈക്കൂലിക്കേസില്‍ നാല് ടിഎംസി നേതാക്കളെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മന്ത്രിമാരായ ഫിര്‍ഹദ് ഹക്കിം, സുബ്രദാ മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ കൂടിയായ സൊവന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരെയും കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലില്‍ കഴിയുകയാണ്.
2014ലാണ് മാത്യു സാമുവലിന്റെ നാരദ ചാനല്‍ ഒളി കാമറ ഓപറേഷനിലൂടെ തൃണമൂല്‍ നേതാക്കളെ കുടുക്കിയത്. നേതാക്കള്‍ പണം കൈപ്പറ്റുന്നതായിരുന്നു വീഡിയോ. ദ്യശ്യങ്ങളില്‍ ഒരു പോലിസുകാരനും ഉണ്ടായിരുന്നു.