സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കണം;സിപിഎം നേതൃത്വത്തിനു കത്ത് നല്‍കിയത് സ്ഥിരീകരിച്ച് ജി സുധാകരന്‍
തിരുവനന്തപുരം:സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിനു കത്ത് നല്‍കിയതായി മുന്‍മന്ത്രി ജി സുധാകരന്‍ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് കത്തു നല്‍കിയത്.
സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുതിയ ആളുകള്‍ വരട്ടെയെന്നുമാണ് ജി സുധാകരന്റെ നിലപാട്. ജില്ലാ ഘടകത്തില്‍ തുടരാമെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാടെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജി സുധാകരന്‍ തുടരണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.
ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ജി സുധാകരന് എതിരെ പുതിയ ചേരി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികള്‍ പടനിലം സ്‌കൂളുമായി ബന്ധപ്പെട്ട കോഴ വിഷയത്തില്‍ ആരോപണവിധേയനായ കെ രാഘവനെ ജി സുധാകരന്‍ പിന്തുണച്ചുവെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. സുധാകരന്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച് സലാമിനെ തോല്‍പ്പിക്കാന്‍ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമര്‍ശനം. അധികാര മോഹിയാണ് സുധാകരന്‍ എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമര്‍ശനം.
അന്ന് ജി സുധാകരനെതിരെയുള്ള ആക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് ഇടപെട്ടിരുന്നു. പൊതുസമ്മേളനത്തിനിടെ പ്രതിനിധികള്‍ സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോഴായിരുന്നു പിണറായിയുടെ ഇടപെടല്‍. 'ഇത് ജില്ലയില്‍ നിര്‍ത്തിയതാണ് വീണ്ടും തുടങ്ങിയോ സംസാരിക്കേണ്ടത് സംസാരിക്കുക' എന്നായിരുന്നു പ്രതിനിധികളെ താക്കീത് ചെയ്തു കൊണ്ട് പിണറായി വിജയന്‍ അന്ന് പറഞ്ഞത്.
ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന സമിതിയില്‍ തുടരാനില്ലെന്ന നിലപാട് ജി സുധാകരന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രി പിണറായി വിജയനേയും കത്ത് മുഖേന രേഖാമൂലം അറിയിച്ചത്.എന്നാല്‍ 75 വയസ്സ് എന്ന പ്രായപരിധി മാനദണ്ഡം നടപ്പിലാക്കിയാല്‍ ജി സുധാകരനു നേതൃത്വത്തില്‍നിന്ന് ഒഴിയേണ്ടിവരും.കേരളത്തില്‍നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ പിണറായി വിജയനും എസ് രാമചന്ദ്രന്‍ പിള്ളയുമാണ് 75 എന്ന പ്രായപരിധിക്കു പുറത്തുള്ളവര്‍.
ഇത്തവണ പിബിയില്‍നിന്ന് ഒഴിവാക്കുന്ന എസ്ആര്‍പിയെ കേന്ദ്ര കമ്മിറ്റിയിലോ സംസ്ഥാന കമ്മിറ്റിയിലോ ക്ഷണിതാവാക്കാനാണ് സാധ്യത. കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ പി കരുണാകരനും വൈക്കം വിശ്വനും 75 പിന്നിട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം എം മണി, ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ് എന്നിവരും ഒഴിവാക്കപ്പെടും.