ഒന്നാംപ്രതി മുഹമ്മദ് അലി കുറ്റക്കാരന്‍; എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ വിധി ബുധനാഴ്ച

തിരുവനന്തപുരം എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ത്ഥിയായ ശ്യാമളിനെ പണത്തിനായി തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 17വര്‍ഷത്തിന് ശേഷമാണ് സിബിഐ കോടതി വിധി പറയുന്നത്. രണ്ടാം പ്രതി ദുര്‍ഹ ബഹദബൂര്‍ ഒളിവിലാണ്

Update: 2022-04-12 06:27 GMT

തിരുവനന്തപുരം: എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ പ്രതി മുഹമ്മദ് അലി കുറ്റക്കാരന്നെന്ന് തിരുവനന്തപുരം സിബിഐ കോടതി. ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ത്ഥിയായ ശ്യാമളിനെ പണത്തിനായി തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 17വര്‍ഷത്തിന് ശേഷമാണ് സിബിഐ കോടതി വിധി പറയുന്നത്.

പണത്തിനുവേണ്ടി ആന്തമാന്‍ സ്വദേശിയായ ശ്യാമളിനെ കുടുംബസുഹൃത്ത് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഒക്ടോബര്‍ 17നാണ് കോവളം വെള്ളാറില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയായിരുന്ന ശ്യാമള്‍ മണ്ഡലിലിന്റെ കണ്ടെത്തിയത്. പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദലിയും കൂട്ടുപ്രതിയായ ദുര്‍ഹ ബഹദബൂറും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോര്‍ട്ട് പോലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിഐയുടെ കണ്ടെത്തലും ഇതായിരുന്നു. ശ്യാമളിന്റെ കുടുംബ സുഹൃത്താണ് പ്രതി മുഹമ്മദ് അലി. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല.

ശ്യാമള്‍ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. മുഹമ്മദ് അലിയാണ് ശ്യാമളിനെ ഹോസ്റ്റലില്‍ നിന്നും ശ്യാമള്‍ മണ്ഡലിനെ വിളിച്ചുവരുത്തിയത്. കിഴക്കേകോട്ടയില്‍ നിന്നും ശ്യാമളിനെ മുഹമ്മദ് അലിയും കൂട്ടാളിയായ ദുര്‍ഹ ബഹദൂറും ചേര്‍ന്ന് തട്ടികൊണ്ടുപോവുകയായിരുന്നു.

ശ്യാമളിന്റെ ഫോണില്‍ നിന്നും അച്ഛന്‍ ബസുദേവ് മണ്ഡലിനെ വിളിച്ച് 20 ലക്ഷം ഇവര്‍ ആവശ്യപ്പെട്ടു. പണവുമായി ബസുദേവ് മണ്ഡല്‍ ചെന്നൈയില്‍ പല സ്ഥലങ്ങളില്‍ അലയുന്നതിനിടെയാണ് ശ്യാമളിന്റെ മൃതദേഹം കോവളത്ത് കണ്ടെത്തുന്നത്. ശ്യാമളിന്റെ ഫോണ്‍ ചെന്നൈയിലെ ഒരു കടയില്‍ വിറ്റ ശേഷം മുഹമ്മദാലി ആന്തമാനിലേക്ക് കടന്നു. ഇവിടെ നിന്നാണ് പ്രതിയെ പോലിസ് പിടികൂടുന്നത്.

അതേസമയം, രണ്ടാം പ്രതിയും ഹോട്ടല്‍ തൊഴിലാളിയുമായ ദുര്‍ഹ ബഹദൂറിനെ പിടികൂടാന്‍ ഇതേ വരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ബസുദേവ് മണ്ഡല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് 2008ല്‍ അന്വേഷണം സിബിഐക്ക് കൈമാറുന്നത്. രണ്ടാം പ്രതിക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസിറക്കിയെങ്കിലും കണ്ടെത്താനായില്ല. 2020 ഫെബ്രുവരി മുതല്‍ തുടങ്ങിയ വിചാരണ കൊവിഡ് വ്യാപനം കാരണം മുടങ്ങിയിരുന്നു. 56 സാക്ഷികളെ വിസ്തരിച്ചു. സാഹചര്യ തെളിവുകളാണ് കേസില്‍ നിര്‍ണായകം. പ്രതി മോഷ്ടിച്ചശേഷം വിറ്റ ശ്യാമള്‍ മണ്ഡലിന്റെ മൊബൈലാണ് നിര്‍ണായ തെളിവ്. സിബിഐക്ക് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ട് അരുണ്‍ കെ ആന്റണി ഹാജരായി. 

Tags:    

Similar News