സിദ്ദിഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കെ. സുധാകരന്‍ എം. പി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി

Update: 2021-04-25 07:49 GMT

ന്യൂഡല്‍ഹി: മഥുര മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മലയാളി പത്രപവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടര്‍ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് കെ. സുധാകരന്‍ എം. പി കത്ത് നല്‍കി.

മഥുര മെഡിക്കല്‍ കോജേജില്‍ താടിയെല്ല് പൊട്ടിയ നിലയില്‍ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയില്‍ തടവില്‍ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്. അദ്ദേഹത്തിനു വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയലില്‍ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാല്‍ അപേക്ഷ ഒരിക്കലും തീര്‍പ്പാക്കിയിട്ടില്ല. സിദ്ദിഖ് കാപ്പന്‍ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായാണ് ഹാത്രാസിലേയ്ക്ക് പോയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 5 നാണ് അദ്ദേഹം മഥുരയില്‍ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയില്‍, ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് കെ സുധാകരന്‍ അത്തില്‍ ആവശ്യപ്പെട്ടു.

ഹേബിയസ് കോര്‍പ്പസ് അപേക്ഷ തീര്‍പ്പാക്കുന്നതുവരെ സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാനും മഥുരയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാനും കെ. സുധാകരന്‍ എം. പി. ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചു.

മഥുര ജയിലില്‍ കഴിയുന്ന കാപ്പനെ ഏതാനും ദിവസമായി കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവിടെ അദ്ദേഹത്തെ ചങ്ങലക്കിട്ടിരിക്കുകയാണെന്നാണ് പുറത്തുവന്ന റിപോര്‍ട്ട്.

2020 ഒക്ടോബര്‍ അഞ്ചിനാണ് ഡല്‍ഹിയില്‍ നിന്ന് വാര്‍ത്താശേഖരണാര്‍ത്ഥം യുപിയിലെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പനെ വഴിമധ്യേ പോലിസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് സിദ്ദിഖ്. തേജസ്, തല്‍സമയം, അഴിമുഖം ഓണ്‍ലൈന്‍ എന്നിവയ്ക്കു വേണ്ടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അഴിമുഖത്തിന്റെ ലേഖകനായിരിക്കെയാണ് ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ അറസ്റ്റിലായത്. ആദ്യം ചെറിയ കേസുകള്‍ ചാര്‍ജ് ചെയ്ത പോലിസ് പിന്നീട് യുഎപിഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മറ്റ് മൂന്നുപേരെയും പോലിസ് സമാനമായ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News