സിദ്ധീഖ് കാപ്പന്റെ അറസ്റ്റിന് ഒരു വര്‍ഷം: ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ തുറിങ്കലടയ്ക്കുന്ന അവസ്ഥയെന്ന് വിഡി സതീശന്‍

സിദ്ദീഖ് കാപ്പന്‍ ഒരു പ്രതീകം കൂടിയാണ്. മൗലികാവശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന, നാട്ടില്‍ നടക്കുന്ന തെറ്റായ കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണിയും വെല്ലുവിളിയുമാണ് ഇത്. ഞങ്ങളോട് കളിച്ചാല്‍ ഇതായിരിക്കും നിങ്ങളുടെ അവസ്ഥ എന്ന സന്ദേശമാണ് ഭരണകൂടം നല്‍കുന്നത്.

Update: 2021-10-05 08:16 GMT

തിരുവനന്തപുരം: ഭരണകൂടത്തിനെതിരേ ശബ്ദിച്ചാല്‍ തുറിങ്കലടക്കപ്പെടുന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിദ്ധീഖ് കാപ്പന്റെ അന്യായ തടങ്കലില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിസാരകാരണങ്ങള്‍ പറഞ്ഞാണ് വിചാരണയില്ലാതെ ഒരു മാധ്യമപ്രവര്‍ത്തകനെ യുപി പോലിസ് തടങ്കവിലാക്കിയിരിക്കുന്നത്. അദ്ദേഹത്തെ തടങ്കലില്‍ വച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. വിചാരണയില്ലാതെ ഒരു മാധ്യമപ്രവര്‍ത്തകനെ തടങ്കലില്‍ വച്ചിരിക്കുന്നത്് എല്ലാവരെയും ലജ്ജിപ്പിക്കുന്നതാണ്. ഹത്രാസില്‍ ഒരു പെണ്‍കുട്ടി അപമാനിക്കപ്പെട്ട് കൊലചെയ്യപ്പെട്ടപ്പോള്‍, അത് റിപോര്‍ട്ട്് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനെ തീവ്രവാദ മുദ്രചാര്‍ത്തി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

സിദ്ദീഖ് കാപ്പന്‍ ഒരു പ്രതീകം കൂടിയാണ്. മൗലികാവശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന, നാട്ടില്‍ നടക്കുന്ന തെറ്റായ കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണിയും വെല്ലുവിളിയുമാണ് ഇത്. ഞങ്ങളോട് കളിച്ചാല്‍ ഇതായിരിക്കും നിങ്ങളുടെ അവസ്ഥ എന്ന സന്ദേശമാണ് ഭരണകൂടം നല്‍കുന്നത്. ഇതിനെതിരേ കടുത്ത പ്രതിഷേധം ഉയരണം. ഭരണകൂടത്തിനെതിരേ പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ തന്നെ, നീതി പിഠങ്ങള്‍ക്കെതിരേയും തന്റെ വ്യക്തിപരമായ പ്രതിഷേധം പ്രകടിപ്പിക്കുകയയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഭരണകൂടത്തിനേതിരേ നിലപാട് സ്വീകരിക്കുന്നവരെ വിചാരണകൂടാതെ അന്യായമായി ജയിലില്‍ പാര്‍പ്പിച്ച്് അത്തരം ശബ്ദങ്ങള്‍ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. യിപിയില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. മൗലികാവശങ്ങള്‍ക്ക് നേരെയുള്ള, ഭരണഘടനാവകാശങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണിത്. കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിയോട് യുപി പോലിസ് ചെയ്തതും ഇത് തന്നെയാണ്. മന്ത്രിയുടെ മകന്‍ വാഹനമിടിച്ച് കര്‍ഷകരെ കൊന്നു. എന്നിട്ടും ഭരണകൂടം അതിനെ ന്യായീകരിക്കുകയാണ്.

സ്വന്തമായി ഒരു സ്പൂണ്‍ കഞ്ഞിപോലും കുടിക്കാന്‍ കഴിയാത്ത സ്റ്റാന്‍ സ്വാമിയെ പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തടവിലിട്ടു. അദ്ദേഹത്തെ പുറത്തിറക്കിയാല്‍ രാജ്യത്തിന് അപകടമാണെന്ന് പോലിസ് പറഞ്ഞപ്പോള്‍ അത് ശരിവയ്ക്കുകയാണ് നീതി പീഠങ്ങള്‍ ചെയ്തത്. ആദിവാസികള്‍ക്ക് വേണ്ടി ജീവിച്ച മനുഷ്യല്‍ ജയില്‍ മരണപ്പെട്ടു. എല്ലാവരുടെയും അവസാന പ്രതീക്ഷ നീതിപീഠങ്ങളിലാണ്. നീതിപീഠങ്ങള്‍ അത് കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

ജിപിഒയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധപരിപാടിയില്‍ കെയുഡബഌയു ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പ്രിന്‍സ് പാങ്ങാടന്‍, കിരണ്‍ ബാബു, ജിഷ എലിസബത്ത് തുടങ്ങിയവര്‍ സംസാരിച്ചു.


Tags:    

Similar News