സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രിംകോടതി; കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ഭാര്യ റൈഹാനത്ത് സിദ്ദിഖ്
മലപ്പുറം: യിപിയിലെ മഥുരയില്‍ ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന് ചികില്‍സ ലഭ്യമാക്കണമെന്ന ആവശ്യത്തോടൊപ്പം നിന്ന മുഴുവന്‍ പേരോടും നന്ദി പറഞ്ഞ് ഭാര്യ റൈഹാനത്ത് സിദ്ദിഖ്. യുപി സര്‍ക്കാര്‍ ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികില്‍സക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തിലായിരുന്നു റൈഹാനത്തിന്റെ പ്രതികരണം.
ജാമ്യമായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്. ഇപ്പോഴാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. കൂടാതെ ശുചിമുറിയില്‍ വീണ് പരിക്കുപറ്റുകയും ചെയതു. അതിനാലാണ് വിദഗ്ധ ചികില്‍സ നല്‍കാന്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടത്. കൊവിഡ് ഭേദമായെന്ന് യുപി സര്‍ക്കാര്‍ റിപോര്‍ട്ട് നല്‍കിയെങ്കിലും മെഡിക്കല്‍ റിപോര്‍ട്ട് നോക്കി ബോധ്യപ്പെട്ടാണ് കോടതി വിദഗ്ധ ചികില്‍സ നല്‍കാന്‍ നിര്‍ദേശം നല്‍കിയത്- റൈഹാനത്ത് പറഞ്ഞു.
മോചനവും വിദഗ്ധചികില്‍സയും ആവശ്യപ്പെട്ട്് തനിക്കൊപ്പം നിന്ന മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, എംപിമാര്‍, പത്രപ്രവര്‍ത്തക യൂനിയന്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയപ്രവര്‍ത്തകര്‍, പാര്‍ട്ടികള്‍ തുടങ്ങിയവരോട് റൈഹാനത്ത് നന്ദി പറഞ്ഞു. ജാമ്യം ലഭിക്കുകയെന്ന ആവശ്യമാണ് അന്തിമമായതെന്നും അത്തരം കാര്യങ്ങള്‍ അഭിഭാഷകനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.
സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ നിന്ന് വൈദ്യചികിത്സയ്ക്കായി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഇന്ന് ഉച്ചയോടെയാണ് സുപ്രിംകോടതി ഉത്തരവിട്ടത്. അദ്ദേഹത്തിന് രാം മനോഹര്‍ ലോഹിയ ആശുപത്രിയിലോ എയിംസ് അല്ലെങ്കില്‍ ദില്ലിയിലെ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ചികിത്സ നല്‍കണമെന്നും സുഖം പ്രാപിച്ച ശേഷം മാത്രമേ മഥുര ജയിലിലേക്ക് തിരിച്ചയക്കാവൂ എന്നുമായിരുന്നു വിധി.
കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയനും അദ്ദേഹത്തിന്റെ ഭാര്യയും സമര്‍പ്പിച്ച ഹേബിയസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇടക്കാല ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാമെന്നും ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിച്ച ബെഞ്ച് നിര്‍ദേശിച്ചു. യുപി ഗവര്‍ണമെന്റിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തെങ്കിലും കോടതി വഴങ്ങിയില്ല.