സിഖ് മതം 'കള്‍ട്ട് ' എന്ന പരാമര്‍ശം; ബാബരി വിധിക്കെതിരെ സിഖുകാര്‍
കള്‍ട്ട് എന്ന വാക്കിന് പല നിഘണ്ടുവും വ്യത്യസ്തമായ അര്‍ത്ഥങ്ങളാണ് നല്‍കുന്നത്. പൊതുവില്‍ മോശമായ പ്രയോഗമായും കണക്കാക്കപ്പെടുന്നു. കേംബ്രിഡ്ജ് നിഘണ്ടു നല്‍കുന്ന അര്‍ത്ഥം 'പലരും വിചിത്രവും തീവ്രവുമായി കാണുന്ന ആരാധനാക്രമ'മെന്നാണ്.
ന്യൂഡല്‍ഹി: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞ സുപ്രിം കോടതി തുടക്കം കുറിച്ചത് പുതിയ വിവാദത്തിന്. വിധിയില്‍ സിഖ് മതത്തെ ആരാധനാക്രമം, ഉപാസനാക്രമം എന്നൊക്കെ അര്‍ത്ഥം പറയാവുന്ന കള്‍ട്ട് എന്ന വാക്കുപയോഗിച്ച് വിശേഷിപ്പിച്ചതിനെതിരേയാണ് സിഖുകാര്‍ രംഗത്തുവന്നിരിക്കുന്നത്. സിഖുമത സ്ഥാപകനായ ഗുരുനാനാക്കിന്റെ അയോധ്യാസന്ദര്‍ശനത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും പരാതിയുണ്ട്. 1510-1511 കാലത്താണ് ഗുരുനാനാക്ക് ദേവ് അയോധ്യ സന്ദര്‍ശിച്ചതെന്നാണ് വിധിയില്‍ പറയുന്നത്.
രജിന്ദര്‍ സിങ് എന്ന എഴുത്തുകാരനെ ഉദ്ധരിച്ചുകൊണ്ടാണ് ഹിന്ദു കക്ഷികള്‍ അലഹബാദ് ഹൈക്കോടതിയില്‍ ഗുരുനാനാക്ക് അയോധ്യ സന്ദര്‍ശിച്ചെന്ന വാദമുയര്‍ത്തിയത്. ആ വാദം അതേപടി എടുത്തുപയോഗിക്കുകയായിരുന്നു സുപ്രിം കോടതി. സിക്ക് കള്‍ട്ട് എന്ന പഠനപുസ്തകമെഴുതിയ ആളാണ് രജിന്ദര്‍ സിങ്. നിരവധി പുസ്തകങ്ങളും തെളിവുകളും പരിശോധിച്ചാണ് ഈ വസ്തുതകള്‍ കണ്ടെത്തിയതെന്നും സുപ്രിം കോടതി അവകാശപ്പെടുന്നു.
ചണ്ഡിഗഢിലെ കെന്ദ്രി ഗുരു സിങ് സഭ സുപ്രിം കോടതി വിധിയെ സിഖ് മതത്തോടുള്ള അധിക്ഷേപമെന്നാണ് വിശേഷിപ്പിച്ചത്. സിഖ് മതത്തെ ആരാധനാക്രമമെന്ന് വിശേഷിപ്പിച്ചതിലൂടെ മതത്തെ അവഹേളിക്കുകയാണ് കോടതി ചെയ്തിരിക്കുന്നതെന്നും സഭ കുറ്റപ്പെടുത്തി. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തും മുമ്പ് ജഡ്ജിമാര്‍ സിഖ് ചരിത്രത്തില്‍ വിദഗ്ധരായവരുടെ ഉപദേശം തേടണമായിരുന്നെന്ന് സിഖ് ചരിത്രകാരനും കെന്ദ്രി ഗുരു സിങ് സഭയിലെ അംഗവുമായ പ്രഫ. ഗുരുദര്‍ശന്‍ സിങ് ധില്ലന്‍ പറഞ്ഞു.
കള്‍ട്ട് എന്ന വാക്കിന് പല നിഘണ്ടുവും വ്യത്യസ്തമായ അര്‍ത്ഥങ്ങളാണ് നല്‍കുന്നത്. പൊതുവില്‍ മോശമായ പ്രയോഗമായും കണക്കാക്കപ്പെടുന്നു. കേംബ്രിഡ്ജ് നിഘണ്ടു നല്‍കുന്ന അര്‍ത്ഥം 'പലരും വിചിത്രവും തീവ്രവുമായി കാണുന്ന ആരാധനാക്രമ'മെന്നാണ്. വെബ്‌സ്റ്റേഴ്‌സ് നിഘണ്ടു നല്‍കുന്ന അര്‍ത്ഥം കുറച്ചുകൂടെ മോശമാണ്, 'മതനിഷ്ഠയില്ലാത്ത കപടവിശ്വാസം'.
ഡല്‍ഹിയിലെ സിഖ് അഭിഭാഷക കൂട്ടായ്മയുടെ ഭാരവാഹികള്‍ വിധിയിലെ പരാമര്‍ശത്തിനെതിരേ സുപ്രിം കോടതി റജിസ്ട്രാര്‍ക്കും സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും പരാതി കൊടുക്കാനിരിക്കുകയാണ്. സിഖ് മതത്തെ ഇത്തരം മോശം പ്രയോഗത്തിലൂടെ വിശേഷിപ്പിക്കുന്നത് അനീതിയാണെന്നും അവര്‍ പറയുന്നു.
അലഹബാദ് ഹൈക്കോടതിയുടെ ഗുരുനാനാക്കിനെ കുറിച്ചുള്ള പരാമര്‍ശവും സിഖ് ബുദ്ധിജീവികള്‍ ചോദ്യം ചെയ്യുന്നു. സിഖ് പുണ്യപുരഷനായ ഗുരുനാനാക്ക് ദേവ് അയോധ്യയില്‍ ദര്‍ശനത്തിനെത്തിയെന്ന പരാമര്‍ശം അവര്‍ ചോദ്യം ചെയ്യുന്നു. സ്വതന്ത്രവും സമാധാപരവുമായ ഒരു മതത്തെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നതും ശരിയല്ല. ഗുരുനാനാക്ക് അയോധ്യയില്‍ മാത്രമല്ല, മക്കയിലും പോയിട്ടുണ്ട്. അത് മത പ്രചാരണത്തിന്റെ ഭാഗമായാണ്. മാത്രമല്ല, ഗുരുനാനാക്ക് എവിടെയും 'ദര്‍ശന'ത്തിനു പോവുകയുമില്ല. ബിംബാരാധനക്കെതിരേ ധര്‍മ്മോപദേശം നല്‍കിയ ആചാര്യനാണ് ഗുരുനാനാക്ക് ദേവ്.
ആയുധധാരിയായ സിഖ് പടയാളി ഫക്കീര്‍ ഖാസ രാമജന്മഭൂമിയില്‍ 1858 നവംബര്‍ 28 ന് അഗ്നി തെളിയിച്ച് പൂജ നടത്തിയെന്നും വിധിയിലുണ്ട്. സിഖ് മതത്തില്‍ അഗ്നിപൂജയെന്ന അനുഷ്ഠാനമേയില്ലെന്ന് സിഖുകാര്‍ പറയുന്നു.
ഹിന്ദു മുസ്ലിം തര്‍ക്കത്തിലേക്ക് സിഖ് മതത്തെ വലിച്ചിടേണ്ട കാര്യമില്ലെന്നും സിഖ് സമുദായപ്രമുഖര്‍ പറയുന്നു. സിഖ് മതത്തെ സംബന്ധിച്ച് ഒരു ധാരണയുമില്ലാതെയാണ് സുപ്രിം കോടതി വിധിയെഴുതിയിരിക്കുന്നതെന്നാണ് സിഖ് മത ചരിത്രകാരന്മാരുടെ ആരോപണം.