ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗം പൊളിച്ചെഴുതുമെന്ന് സിക്കിം മുഖ്യമന്ത്രി

Update: 2020-08-15 14:45 GMT

ഗാങ്‌ടോക്: ദേശീയ വിദ്യാഭ്യാസ നയം 2020നനുസരിച്ച് വിദ്യാഭ്യാസ രംഗം പൊളിച്ചെഴുതുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിനുസൃതമായി സ്‌കൂളുകളും കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്ഥാനത്ത് പടുത്തുയര്‍ത്തുമെന്നും അതിനു വേണ്ടി ഒരു പരിഷ്‌കാര കമ്മീഷനെ സംസ്ഥാനതലത്തില്‍ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ദേശീയ വിദ്യാഭ്യാസ നയം 2020 നനുസൃതമായി വിദ്യാഭ്യാസമേഖലയില്‍ മാറ്റങ്ങള്‍ നടപ്പില്‍വരുത്താന്‍ സിക്കിം വിദ്യാഭ്യാസ പരിഷ്‌കാര കമ്മീഷനെ നിയോഗിക്കും''- മുഖ്യമന്ത്രി പറഞ്ഞു. അതിനു പുറമെ ജില്ലയില്‍ ഓരോ മോഡല്‍ സ്‌കൂളുകളും സ്ഥാപിക്കുന്നുണ്ട്. പുതുക്കിയ കാഴ്ചപ്പാടിനുസരിച്ച് പുതിയ പഠനരീതികള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമാണിത്.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി ലഡാക്കില്‍ ചൈനീസ് സൈന്യം കൊലപ്പെടുത്തിയ സൈനികര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. പഞ്ചായത്തിരാജ് സ്ഥാപനങ്ങളില്‍ നിന്ന് രാഷ്ട്രീയം ഒഴിവാക്കുമെന്ന പ്രഖ്യാപനവും നടത്തി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുസൃതമായി സംസ്ഥാനത്തെ ആത്മനിര്‍ഭര്‍ സംസ്ഥാനമാക്കി മാറ്റാനും എല്ലാ തലത്തിലും സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കാനുമുള്ള ആലോചനയും മുഖ്യമന്ത്രി പങ്കുവച്ചു.  

Tags:    

Similar News