സിക്കിം ദുരന്തം; മരിച്ച മലയാളി സൈനികന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും
പാലക്കാട്: സിക്കിമില്‍ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം ഞായറാഴ്ച ജന്‍മനാടായ പാലക്കാട് മാത്തൂരിലെത്തിക്കും. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും. ഞായറാഴ്ച വൈകീട്ടോടെ സംസ്‌കാരം നടത്തുമെന്നാണ് വിവരം. 221 കരസേന റജിമെന്റിലെ നായിക് ആയിരുന്നു വൈശാഖ്. നാല് വര്‍ഷം മുമ്പാണ് സൈന്യത്തില്‍ ചേര്‍ന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ മകന്‍ തന്‍വികിന്റെ ഒന്നാം പിറന്നാള്‍ ആഘോഷം കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിയതാണ്. മൂന്ന് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 16 സൈനികരാണ് ശനിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. നോര്‍ത്ത് സിക്കിമിലെ സെമയിലാണ് അപകടമുണ്ടായത്. താംഗുവിലേക്ക് പോയ ട്രക്ക് സേമ 3 ഏരിയയിലെ ഒരു വളവ് കടക്കുന്നതിനിടെ നൂറിലധികം അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ നാലുപേരെ ഹെലികോപ്റ്ററില്‍ വടക്കന്‍ ബംഗാളിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.