ബിജെപി നേതാവിനെ കൊലപ്പെടുത്തി മൃതദേഹത്തില്‍ കുറിപ്പ് വച്ച് റോഡില്‍ തള്ളി
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കൊലപ്പെടുത്തി മൃതദേഹത്തില്‍ കുറിപ്പ് വച്ച് റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് ബിജെപി നേതാവും മുന്‍ സര്‍പഞ്ചുമായിരുന്ന കാക്ക അര്‍ജുനെ കൊലപ്പെടുത്തിയത്. പിന്നില്‍ നക്‌സലൈറ്റുകളാണെന്ന് നിഗമനം. തങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് രാഷ്ട്രീയത്തില്‍ സജീവമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് മൃതദേഹത്തില്‍ വച്ച കുറിപ്പില്‍ പറയുന്നത്. കൊലപാതകത്തെ അപലപിച്ച ഛത്തീസ്ഗഢ് ബിജെപി ജനറല്‍ സെക്രട്ടറി ഒ പി ചൗധരി, കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ നേതാവിനെ കൊല്ലാന്‍ കഴിയില്ലെന്നും ഇത് 'രാഷ്ട്രീയ കൊലപാതകം' ആണെന്നും ആരോപിച്ചു. 'നക്‌സലുകള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയില്ലാതെ ബസ്തര്‍ ഡിവിഷനിലെ മുതിര്‍ന്ന ബിജെപി ഭാരവാഹിയെ കൊലപ്പെടുത്താന്‍ സാധ്യമല്ല. ബിജെപി നേതാക്കളെ ലക്ഷ്യം വയ്ക്കാന്‍ പാര്‍ട്ടി അവരുമായി കൈകോര്‍ക്കുന്നതായി തോന്നുന്നു. ഇത് അത്യന്തം നിര്‍ഭാഗ്യകരമാണെന്നും ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, കൊലപാതകം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും ബിജെപി വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ഛത്തീസ്ഗഢ് കോണ്‍ഗ്രസ് വക്താവ് ധനഞ്ജയ് സിങ് താക്കൂര്‍ പറഞ്ഞു. നേതാവിന്റെ കൊലപാതകത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. ഛത്തീസ്ഗഡിലെ രമണ്‍ സിങ്ങിന്റെ ഭരണകാലത്ത് നക്‌സലിസം വന്‍തോതില്‍ പടര്‍ന്നുപിടിച്ചത് എങ്ങനെ മറക്കും? ഭൂപേഷ് ബാഗേല്‍ സര്‍ക്കാര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്നും ധനഞ്ജയ് സിംഗ് താക്കൂര്‍ പറഞ്ഞു.