സിംഗപ്പൂരില്‍ ഇനി കോഴിയില്ലാതെ കോഴിയിറച്ചി; ലാബില്‍ വളര്‍ത്തുന്ന മാംസം വില്‍ക്കാന്‍ അനുമതി
മൃഗങ്ങളുടെയും പക്ഷികളുലടെയും പേശി കോശങ്ങളില്‍ നിന്ന് വികസിപ്പിച്ചാണ് ലാബുകളില്‍ മാംസം വളര്‍ത്തുന്നത്.
സിംഗപ്പൂര്‍ സിറ്റി: ലോകത്താദ്യമായി ലാബില്‍ വികസിപ്പിച്ച കോഴിയിറച്ചി വില്‍ക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കി. യു.എസ് സ്റ്റാര്‍ട്ടപ്പായ ഈറ്റ് ജസ്റ്റിന് ആണ് അനുമതി ലഭിച്ചത്. മൃഗങ്ങളെ വളര്‍ത്താതെ തന്നെ ലാബില്‍ വികസിപ്പിച്ചെടുക്കുന്ന മാംസമാണ് വില്‍പ്പന നടത്തുക. ലോകത്ത് പല രാജ്യങ്ങളും ഇത്തരം മാസം വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ വില്‍പ്പനക്ക് ആദ്യമായാണ് അനുമതി ലഭിക്കുന്നത്. മൃഗങ്ങളെ വളര്‍ത്തുകയോ കശാപ്പ് നടത്തുകയോ ചെയ്യാതെയുള്ള ശുദ്ധ ഇറച്ചിയെന്ന് വിളിക്കുന്നതാണ് ലാബില്‍ വികസിപ്പിക്കുന്ന മാംസം.
മൃഗങ്ങളുടെയും പക്ഷികളുലടെയും പേശി കോശങ്ങളില്‍ നിന്ന് വികസിപ്പിച്ചാണ് ലാബുകളില്‍ മാംസം വളര്‍ത്തുന്നത്. ഉയര്‍ന്ന ഉല്‍പാദനച്ചെലവു കാരണം ഇവ വിപണിയില്‍ ലഭ്യമായിരുന്നില്ല. സുരക്ഷിതമായ മനുഷ്യ ഉപഭോഗത്തിനായി മൃഗങ്ങളുടെ കോശങ്ങളില്‍ നിന്ന് നേരിട്ട് സൃഷ്ടിച്ച ഉയര്‍ന്ന നിലവാരമുള്ള മാംസത്തിന് ലോകത്തിലെ ആദ്യത്തെ റെഗുലേറ്ററി അനുമതി ലഭിച്ച സിംഗപ്പൂരില്‍ ഉടന്‍ തന്നെ വിപണനം തുടങ്ങുമെന്ന് ഈറ്റ് ജസ്റ്റ് അറിയിച്ചു. ഇറച്ചി നഗ്ഗറ്റ്സായി വില്‍ക്കുമെന്നും നേരത്തെ ഒന്നിന് 50 ഡോളറാണ് വില നിശ്ചയിച്ചിരുന്നതെന്നും കമ്പനി അറിയിച്ചു.
ആരോഗ്യം, മൃഗക്ഷേമം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കകള്‍ കാരണം സാധാരണ മാംസത്തിന് പകരമുള്ള മാംസങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി വരികയാണെന്ന് സ്ഥാപനം പറയുന്നു. ബിയോണ്ട് മീറ്റ് , ഇംപോസിബിള്‍ ഫുഡ്സ് തുടങ്ങിയ കമ്പനികള്‍ മാംസത്തിന് പകരം ചെടികളില്‍നിന്നുള്ള ബദലുകള്‍ നേരത്തെ തന്നെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിക്കുകയും ജനപ്രിയമാക്കുകയും ചെയ്തിട്ടുണ്ട്.