കല്‍പ്പറ്റ: കാരയ്ക്കമലയിലെ മഠത്തിന് പുറത്ത് സിസ്റ്റര്‍ ലൂസി കളപ്പുര നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. പൊലീസ് എത്തി മുറിയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതോടെയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. അഞ്ച് ദിവസം മുന്‍പ് മഠത്തിലെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം മറ്റ് കന്യാസ്ത്രീകള്‍ ചേര്‍ന്ന് വിച്ഛേദിക്കുകയായിരുന്നുവെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നുമായിരുന്നു ലൂസി കളപ്പുരയുടെ ആരോപണം.
മഠത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലൂസി കളുപ്പര സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. കോണ്‍വെന്റില്‍ നിന്ന് ലൂസി ഇറങ്ങി പോകണമെന്ന് ഉത്തരവിടാന്‍ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിനു ശേഷമാണ് ലൂസിയുടെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചത്.