സിസ്റ്റേഴ്സ് ഓഫ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സന്യാസസമൂഹത്തിലെ മുതിര്‍ന്ന അംഗം സിസ്റ്റര്‍ റോസ് അമ്പൂക്കന് നിര്യാതയായി
മാള: പൊയ്യ സെന്റ് അഫ്രം പള്ളി ഇടവക അംഗമായ അമ്പൂക്കന് കൊച്ചൗസേപ്പിന്റെയും അന്നംകുട്ടിയുടെയും മകള്‍ റവ. സിസ്റ്റര്‍ റോസ് അമ്പൂക്കന് (82) നിര്യാതയായി. സിസ്റ്റേഴ്സ് ഓഫ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് (എസ്ജെബി) സന്യാസസമൂഹത്തിലെ ഇന്ത്യയിലെ മുതിര്‍ന്ന അംഗമായിരുന്നു.
ആദ്യകാലങ്ങളിലെ സേവനം ജര്‍മ്മനിയില്‍ ആയിരുന്നെങ്കിലും പിന്നീട് ഇന്ത്യയിലെ ആസ്ഥാനമായ വാര്‍ദ്ധയിലെ അഗ്രഗാമി പ്രൊവിന്‍ഷ്യല്‍ ഹൗസിനോട് ചേര്‍ന്നുള്ള സ്കൂളില്‍ സേവനം ചെയ്തിരുന്നു. ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച് തൃശ്ശൂരിലെ സന്യാസ ഭവനത്തില്‍ വിശ്രമജീവിതത്തിലായിരുന്നു. വാര്‍ദ്ധക്യസഹജമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സന്യാസസഭാ ആസ്ഥാനമായ അഗ്രഗാമി പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് മരിക്കുകയായിരുന്നു.
ദിവംഗതനായ റവ. ഫാ. ജോര്‍ജ്ജ് ഹഡ്റിയാന് അമ്പൂക്കന്, തോമസ് അമ്പൂക്കന്, കത്രീന ജോസ് മാപ്രാണി എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് വാര്‍ദ്ധയിലെ എസ് ജെ ബി പ്രോവിന്ഷ്യല് ഹൗസില്‍ നടക്കും.