ആറ് ബിഎസ്പി എംഎല്‍എമാരും ഒരു ബിജെപി എംഎല്‍എയും സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

Update: 2021-10-30 10:16 GMT

ലഖ്‌നോ: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട ആറ് ബിഎസ്പി എംഎല്‍എമാരും ഒരു ബിജെപി എംഎല്‍എയും സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.

പാര്‍ട്ടി മേധാവി അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിപ്രവേശം.

ഹര്‍ഗോവിന്ദ് ഭാര്‍ഗവ, മുജ്താബ സിദ്ദിഖി, ഹക്കിം ലാല്‍ ബിന്ദ്, അസ് ലം റെയ്‌നി, സുഷമ പട്ടേല്‍, അസ് ലം ചൗധരി തുടങ്ങിയ ബിഎസ്പി എംഎല്‍മാരും ബിജെപിയില്‍ നിന്നുളള രാകേഷ് റത്തോറുമാണ് സമാജ് വാദിയില്‍ ചേര്‍ന്നത്. 

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ ഹരേന്ദ്ര മാലിക്, പങ്കജ് മാലിക് എന്നിവര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.

രാജ്യസഭയിലേക്കുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാതിരുന്നതിനാണ് ബിഎസ്പി തങ്ങളുടെ എംഎല്‍എമാരെ പുറത്താക്കിയത്. ജൂണ്‍ മുതല്‍ ആറ് എംഎല്‍എമാരും സമാജ് വാദി പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുന്നുണ്ട്.

ബിജെപിക്കെതിരേ പരസ്യമായ നിലപാടെടുത്താണ് രാകേഷ് റാത്തോര്‍ ബിജെപിക്ക് പുറത്തായത്.

അടുത്ത വര്‍ഷം തുടക്കത്തിലാണ് യുപി തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മിക്കവാറും പാര്‍ട്ടികളില്‍ നാടകീയമായ നിരവധി മാറ്റങ്ങളാണ് അരങ്ങേറുന്നത്. 

Tags:    

Similar News