അതി തീവ്രമഴയില്‍ സംസ്ഥാനത്ത് ഇന്ന് ആറ് മരണം; മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി
കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിശക്ത മഴയില്‍ ഇന്ന് ആറ് മരണം. ഇതോടെ, മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ രണ്ടര വയസുകാരി അടക്കം രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഒഴുക്കില്‍പ്പെട്ട മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം, അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെ 10 ജില്ലകളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് നാലിടത്ത് ഓറഞ്ച് അലര്‍ട്ടാണ്.
കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരിയടക്കം രണ്ട് പേരുടെ മൃതദേഹം ഇന്ന് രാവിലെയോടെ കണ്ടെത്തി. മലവെള്ളപ്പാച്ചിലിലാണ് രാജേഷും രണ്ടരവയസുകാരി നുമ തസ്‌ലീനയുമാണ് മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കോട്ടയം കൂട്ടിക്കലിലും എറണാകുളം കോതമംഗലത്തും ഓരോരുത്തര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോതമംഗലം കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ കാണാതായ പൗലോസിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വൈക്കത്തും ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചേരാനെല്ലൂരില്‍ കണ്ടെടുത്ത തിരിച്ചറിയാത്ത മൃതദേഹം ഒഴുക്കില്‍പ്പെട്ട് മരിച്ചയാളുടേത് ആണെന്നാണ് സംശയിക്കുന്നത്. ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് തൊഴിലാളികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് ആകെ 49 ദുരിതാശ്വാസ ക്യാമ്പുകളിലായി 757 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ അതിശക്തമാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള 10 ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യത ഉണ്ട്. അറബിക്കടലില്‍ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാല്‍ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം. തുടര്‍ച്ചയായ ഉരുള്‍പ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
സംസ്ഥാനത്തെ ഡാമുകളില്‍ ജാഗ്രത തുടരുകയാണ്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, മൂഴിയാര്‍, കുണ്ടള, പെങ്ങള്‍ക്കൂത്ത് ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗലം, മീങ്കര ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും കെഎസ്ഇബിയുടെ വലിയ ഡാമുകളില്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. അതിനിടെ, പാലക്കാട് ജില്ലയില്‍ രണ്ട് ഡാമുകള്‍ പന്ത്രണ്ട് മണിക്ക് തുറന്നു. പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്പില്‍വേ ഷട്ടറുകളാണ് തുറന്നത്. പോത്തുണ്ടി പുഴയുടെ തീരത്ത് ഉള്ളവരും കുന്തിപ്പുഴയുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പാലക്കാട് നെല്ലിയാമ്പതിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് ഏഴ് കുടുംബങ്ങളെ മാറ്റിപ്പാ!ര്‍പ്പിച്ചു. നെല്ലിയാമ്പതി പാടഗിരി പരിഷ് ഹാളിലാണ് ക്യാമ്പ് തുറന്നത്. പാലക്കാട് ജില്ലയിലെ ഏഴ് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വൈകീട്ട് നാലിന് മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ യോഗം ചേരും. നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക് വിനോദ യാത്രക്കാര്‍ക്ക് നാലാം തിയ്യയതി വരെ വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അല!ര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. അട്ടപ്പാടിയിലേക്കും യാത്രാ നിരോധനമുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഭാരവാഹനങ്ങള്‍ കടന്നു പോകരുത്. മണ്ണിടിച്ചില്‍ ഭീഷണി കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിയന്ത്രണം ഏ!ര്‍പ്പെടുത്തിയത്.
ശക്തമായ മഴയില്‍ എറണാകുളം ജില്ലയില്‍ ഒരാള്‍ മരിച്ചു. കോതമംഗലം സ്വദേശി പൗലോസ് മരംവീണാണ് മരിച്ചത്. ജില്ലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ആലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മണപ്പുറം പൂര്‍ണമായും മുങ്ങി. എറണാകുളത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും സ്റ്റാന്‍ഡിലെ കടകളിലേക്കും വെള്ളം കയറി. എറണാകുളം ഏലൂരില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. പ്രദേശത്ത് രണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പെരിയാറിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്.
അതേസമയം, തിരുവനന്തപുരം വിതുരയിലും അമ്പൂരിയിലും ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. ഇന്നലെ ജലത്തിനടിയിലായ ഇടങ്ങളില്‍ നിന്നെല്ലാം ഏതാണ്ട് പൂര്‍ണമായി വെള്ളം ഒഴിഞ്ഞു. വിതുരയിലും അമ്പൂരിയിലും ഓരോ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പത്തനംതിട്ടയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. റാന്നിയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്. പമ്പയും മണിമലയാറും രകവിഞ്ഞൊഴുകുന്നു. അപ്പര്‍കുട്ടനാട്ടിലെ തലവടിയില്‍ വെള്ളംകയറി. കോട്ടയത്ത് തീക്കോയി മാര്‍മലയില്‍ ഉരുള്‍പൊട്ടി. പാലാ ടൗണിലും വെള്ളം കയറി. കോട്ടയം ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മീനച്ചില്‍, കാഞ്ഞിരപ്പള്ളി മേഖലകള്‍ പ്രളയ ദുരിതത്തിലാണ്. കനത്ത മഴയില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വ്യാപക നാശമാണ് ഉണ്ടായത്. നെല്ലിയാമ്പതി ചുരം പാതയില്‍ മണ്ണിടിഞ്ഞു. പാലക്കാട് ഒലിപ്പാറയില്‍ 14 വീടുകളില്‍ വെള്ളം കയറി. ചാലക്കുടിയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചാവക്കാട് കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കണ്ണൂരില്‍ മലയോര മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതാണ് ആള്‍ നാശത്തിനും വ്യാപക നഷ്ടങ്ങള്‍ക്കും കാരണമായത്. ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. നെടുമ്പൊയില്‍ ചുരത്തില്‍ ഗതാഗതം പുനരാരംഭിക്കാന്‍ ആയിട്ടില്ല.