ആറ് ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചു; കൊവിഡ് ലക്ഷണങ്ങളുമായെത്തിയ ഡല്‍ഹി സര്‍വകലാശാല അധ്യാപകന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ആറ് ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ കൊവിഡ് ലക്ഷണങ്ങളുമായി ചികില്‍സ ലഭിക്കാതെ മരിച്ചു. ഡല്‍ഹിയിലെയും നോയ്ഡയിലെയും ആറ് ആശുപത്രികളിലാണ് മരണത്തിനു മുമ്പ് അധ്യാപകനും കുടുംബവും കയറിയിറങ്ങിയത്. എല്ലാ ആശുപത്രികളും വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് രോഗിയെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. ഡല്‍ഹി സര്‍വകലാശാലയിലെ അറബി വിഭാഗം മേധാവി പ്രഫ. വാലി അക്തര്‍ നദ്‌വിയാണ് ചികില്‍സ നിഷേധിക്കപ്പെട്ട് ജൂണ്‍ 9ന് മരിച്ചത്.
പ്രഫസര്‍ വാലി അക്തറിന്റെ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രികള്‍ തോറും കയറിയിറങ്ങിയെങ്കിലും കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് ആരും പ്രവേശനം നല്‍കാന്‍ തയ്യാറായില്ലെന്ന് ഡല്‍ഹി സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. ആദിത്യ നാരായണ്‍ മിശ്ര ഒരു ദൃശ്യമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ജൂണ്‍ 2നാണ് പ്രഫസര്‍ അക്തറിന് പനി തുടങ്ങിയത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആരും പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. ഡല്‍ഹിയിലെ ബന്‍സാല്‍, അപ്പോളൊ, ഹോളി ഫാമിലി, ഫോര്‍ട്ടിസ്, ഖൈരാത്തി തുടങ്ങിയ ആശുപത്രികളും നോയ്ഡയിലെ കൈലാഷ് ആശുപത്രിയുമാണ് ചികില്‍സ നിഷേധിച്ചത്. ചിലര്‍ പനി ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞെങ്കില്‍ മറ്റുചിലര്‍ കിടക്ക ഒഴിവില്ലെന്ന് പറഞ്ഞുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ പ്രഫ. മുജീബ് അക്തര്‍ പറഞ്ഞു.
കേന്ദ്ര സംസ്ഥാന സക്കാരുകള്‍ക്ക് ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ ഒരു നിയന്ത്രണവുമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് പ്രഫ. മുജീബ് കുറ്റപ്പെടുത്തി. സാധാരണക്കാരുടെ ജീവന് ഒരു വിലയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ഷഹീന്‍ ബാഗില്‍ താമസിക്കുന്ന പ്രഫ. അക്തര്‍ രണ്ട് തവണ അറബിക് വിഭാഗം മേധാവിയായിട്ടുണ്ട്.