ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണ തീവ്രത ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും എക്യുഐ 'വളരെ മോശം' നിലയില്‍ തുടരുന്നതായി സിസ്റ്റം ഫോര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച്. എക്യുഐ വളരെ മോശമാകുന്നത് ഇത് തുടര്‍ച്ചയായി പത്താം ദിവസമാണ്.
നഗരത്തിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 315 ആണ്. തിങ്കളാഴ്ച അത് 352 ആയിരുന്നു. അതിനു തൊട്ടു മുമ്പ് 355 ആയിരുന്നു.
വയല്‍കത്തിക്കലുമായി ബന്ധപ്പെട്ട മലിനീകരണത്തോതില്‍ കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. അടുത്ത ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെ വായുമലിനീകരണത്തോത് 'മോശമായി' മാറുമെന്നാണ് കരുതുന്നത്.
എക്യുഐ 0-50ന് ഉള്ളിലാണെങ്കില്‍ 'നല്ലതെ'ന്നാണ് കണക്കാക്കുന്നത്. 51-100 'തൃപ്തികരം', 101-200 'മെച്ചപ്പെട്ടത്', 201-300 'മോശം', 301-400 'വളരെ മോശം', 401-500 'ഗുരുതരം' എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.
ഇന്നത്തെ എക്യുഐ 'വളരെ മോശം' വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ അളവുകളിലാണ് നില്‍ക്കുന്നത്. അടുത്ത ദിവസത്തോടെ തീവ്രത കുറയാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.
അതേസമയം കാറ്റിന്റെ തീവ്രതയില്‍ കുറവനുഭവപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് എക്യുഐ മെച്ചപ്പെടുമോ എന്ന് സംശയമുണ്ട്.
നോയ്ഡ, ഗുരുഗ്രാം എന്നിവിടങ്ങളില്‍ എക്യുഐ മെച്ചപ്പെട്ടിട്ടുണ്ട്. രണ്ടിടത്തും യഥാക്രമം 349, 321 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് വര്‍ക്ക് ഫ്രം ഹോം മോഡില്‍ ജോലിയില്‍ തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്‌കൂളുകളും അടച്ചിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് നീക്കിയിട്ടുണ്ട്.