സോളാര്‍ കേസ്: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് സിബിഐ

Update: 2022-05-14 03:34 GMT

തിരുവനന്തപുരം: സോളാര്‍ കേസില്‍ സിബിഐ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മൊഴിയെടുത്തു. മൂന്നുദിവസം മുമ്പ് തിരുവനന്തപുരത്തെത്തിയാണ് സിബിഐ സംഘം ഗണേഷ് കുമാറിന്റെ മൊഴിയെടുത്തത്. പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകളെക്കുറിച്ചും ഗണേഷ് കുമാറിനോട് സംഘം ചോദിച്ചറിഞ്ഞു. ഗണേഷിന്റെ പി എയെയും സിബിഐ സംഘം ചോദ്യം ചെയ്യും. ഒരാഴ്ചയ്ക്കകം ഹാജരാവാന്‍ ഗണേഷിന്റെ മുന്‍ പിഎ പ്രദീപ് കോട്ടത്തലയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സോളാര്‍ പീഡന കേസില്‍ ഹൈബി ഈഡന്‍ എംപിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍. ഹൈബി ഈഡന്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. സോളാര്‍ പീഡനക്കേസില്‍ ആറുകേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. സോളാര്‍ പദ്ധതിയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കാളും പീഡിപ്പിച്ചുവെന്നാണ് പരാതി.

ഹൈബി ഈഡന്‍ എംഎല്‍എയായിരുന്നപ്പോള്‍ 2012 ഡിസംബര്‍ 9ന് മണ്ഡലത്തിലെ സോളാര്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ പോയപ്പോള്‍ എംഎല്‍എ ഹോസ്റ്റല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ മുറിയില്‍ പരാതിക്കാരിയുടെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തിയശേഷമാണ് ഹൈബി ഈഡനെ ചോദ്യം ചെയ്തത്. കൊച്ചി സെന്‍ട്രല്‍ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു ചോദ്യം ചെയ്യല്‍. ഹൈബി ഈഡന്റെ മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ബിജെപി നേതാവ് അബ്ദുല്ലക്കുട്ടി എന്നിവരും കേസില്‍ പ്രതികളാണ്. ഉമ്മന്‍ചാണ്ടിക്കെതിരായ കേസില്‍ ക്ലിഫ് ഹൗസിലും സിബിഐ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

Tags:    

Similar News