ജോലി നല്‍കുമെന്ന് വിശ്വസിപ്പിച്ച് യുവതിയെ രണ്ടു ലക്ഷം രൂപക്ക് വ്യവസായിക്കു 'വില്‍പ്പന നടത്തി' ; യുവാവ് അറസ്റ്റില്‍
യുവതിയെ വിട്ടിലെത്തിച്ച് രണ്ടു ലക്ഷം രൂപ വാങ്ങിയ ശേഷം മടങ്ങിയെത്തിയ ദിലീപ്, യുവതിക്ക് മികച്ച ജോലി ലഭിച്ചെന്നും, നല്ല ശമ്പളം ലഭിക്കുമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചു.
ബംഗളുരു: ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചു യുവതിയെ രണ്ടു ലക്ഷം രൂപക്ക് വ്യവസായിക്കു വില്‍പ്പന നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ധാര്‍വാഡ് താലൂക്കിലെ ഉപ്പിന്‍ ബെതഗേരിയിലെ ദിലീപിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ബംഗളുരുവിലെ കമ്പനിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കൂട്ടിക്കൊണ്ടു പോയി വ്യവസായിക്കു ഏല്‍പ്പിച്ചു നല്‍കിയത്. ഇതിനു പ്രതിഫലമായി രണ്ടു ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. കൈമാറിയ അന്നു രാത്രി തന്നെ വ്യവസായിയുടെ വീട്ടില്‍നിന്ന് രക്ഷപെട്ട യുവതി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ധര്‍വാഡ് കേസി പാര്‍ക്കിന് സമീപമുള്ള ഒരു കടയില്‍ സെയില്‍സ് ഗേളായി പോകുകയായിരുന്ന യുവതിയെയാണ്, ബംഗളരുവിലെ വന്‍ കമ്പനിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചു പ്രദേശവാസി കൂടിയായ ദിലീപ് കൂടെകൂട്ടിയത്. കടുത്ത ദാരിദ്ര്യത്തിലായിരുന്ന യുവതി പ്രതിയുടെ പ്രലോഭനം വിശ്വസിച്ച് തൊഴിലുടമെയ കാണാന്‍ പോയി. തൊഴിലുടമയുടെ രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയിലുള്ള പദന്‍പൂരിലെ വീട്ടില്‍ പോയി കാണണമെന്നാണ് പറഞ്ഞത്. യുവതിയെ വിട്ടിലെത്തിച്ച് രണ്ടു ലക്ഷം രൂപ വാങ്ങിയ ശേഷം മടങ്ങിയെത്തിയ ദിലീപ്, യുവതിക്ക് മികച്ച ജോലി ലഭിച്ചെന്നും, നല്ല ശമ്പളം ലഭിക്കുമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചു.
അതേ വീട്ടില്‍ ജോലിക്കു നിന്ന മറ്റു സ്ത്രീകളില്‍നിന്നാണ് ദിലീപ് തന്നെ വ്യവസായിക്കു രണ്ടു ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് യുവതി മനസിലാക്കുന്നത്. തുടര്‍ന്ന് രാത്രിയോടെ അവിടെ നിന്ന് രക്ഷപെടുകയും, അഹമ്മദാബാദില്‍ എത്തുകയുമായിരുന്നു. അവിടെ വെച്ച് നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ട് വഞ്ചിക്കപ്പെട്ട വിവരം അറിയിച്ചു. അഹമ്മദാബാദ് പൊലീസ് നല്‍കിയ പണം ഉപയോഗിച്ച് കര്‍ണാടകത്തിലെ സ്വന്തം ഗ്രാമത്തില്‍ മടങ്ങിയെത്തിയ യുവതി, ദിലീപിനെതിരെ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്നും ദിലീപ് നേരത്തെയും മറ്റു ചിലരെ ഇത്തരത്തില്‍ ചതിച്ചതായും കണ്ടെത്തി. ഗുജറാത്തിലേക്കു രക്ഷപ്പെട്ട പ്രതിയെ അവിടെ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ധര്‍വാഡ് സ്‌റ്റേഷന്‍ ഹൌസ് ഓഫീസര്‍ വെയ്ഡി അഗസിമാനി പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.