കൊല്ലം തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം; മകനെതിരേ വധശ്രമത്തിന് കേസ്

മകനെതിരെ മൊഴി നല്‍കാന്‍ അമ്മ തയാറായില്ല

Update: 2022-04-11 09:56 GMT

കൊല്ലം: ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകന്‍ ഓമനക്കുട്ടന്‍ മൃഗീയമായി മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദ്ദനമേറ്റു. അയല്‍വാസിയായ ഒരു വിദ്യാര്‍ത്ഥിയാണ് ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മദ്യലഹരിയിലായിരുന്നു ഓമനക്കുട്ടന്‍. നേരത്തെയും സമാനമായ രീതിയില്‍ മദ്യപിച്ചെത്തി ഇയാള്‍ അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങള്‍ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോ പുറത്ത് വന്നതോടെ ഓമനകുട്ടനെ തെക്കുംഭാഗം പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ മകനെതിരെ മൊഴി നല്‍കാന്‍ അമ്മ തയാറായിട്ടില്ല. തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പറയുന്നത്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് പോലിസ് കേസെടുത്തു. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കേസെടുത്തത്.

നേരത്തെയും സമാനമായ രീതിയില്‍ മര്‍ദ്ദനമുണ്ടായിരുന്നുവെന്നും ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ മര്‍ദ്ദിച്ചില്ലെന്ന് പറഞ്ഞ് ഓമന മകനെ സംരക്ഷിക്കുന്നത് പതിവാണെന്നും പഞ്ചായത്തംഗവും പറഞ്ഞു. 

Tags:    

Similar News