സൗമ്യ വിശ്വനാഥന്‍ വധക്കേസ്: ഡല്‍ഹി സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടതിന് ഡല്‍ഹി സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്. മകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നാലുപേര്‍ക്ക് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സൗമ്യ വിശ്വനാഥന്റെ മാതാവ് നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ഡല്‍ഹി സര്‍ക്കാരിന് നോട്ടിസയച്ചത്.
ഹരജിയില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോടും നാലു പ്രതികളോടും സുപ്രിം കോടതി ആവശ്യപ്പെട്ടു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് സിംഗ് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്ക് ഡല്‍ഹി ഹൈകോടതി ഫെബ്രുവരി 12 ന് ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ തീരുമാനം നീതിയോടുള്ള പരിഹാസമാണെന്ന് സൗമ്യയുടെ മാതാവ് അന്ന് പ്രതികരിച്ചിരുന്നു.
2023 നവംബറില്‍ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്കെതിരെ ഐപിസി സെഷന്‍ 302, മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ്രൈകം ആക്ട് സെഷന്‍ 3(1)(ശ) ജീവപര്യന്തം തടവും ഓരോരുത്തര്‍ക്കും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. അഞ്ചാം പ്രതിയായ അജയ് സേഥിക്ക് ഐപിസി 411ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷത്തെ തടവും 7.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.
പ്രമുഖ ഇംഗ്ലീഷ് വാര്‍ത്ത ചാനലില്‍ ജോലി ചെയ്തിരുന്ന സൗമ്യ വിശ്വനാഥന്‍ 2008 സെപ്റ്റംബര്‍ 30 ന് ഡല്‍ഹിയിലെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെടിയേറ്റ് മരിക്കുകയായിരുന്നു. കൊലപാതക കാരണം കവര്‍ച്ചയാണെന്നായിരുന്നു പോലിസ് റിപോര്‍ട്ട്.