കേന്ദ്രസര്‍ക്കാരിന് വന്‍ തിരിച്ചടി; ഡല്‍ഹിയുടെ അധികാരം സംസ്ഥാന സര്‍ക്കാരിനു തന്നെയെന്ന് സുപ്രിം കോടതി

Update: 2023-05-11 09:41 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ഭരണപരമായ അധികാരം സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ഡല്‍ഹിയില്‍ ഭരണപരമായ അധികാരം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സര്‍ക്കാരിനാണെന്ന സുപ്രധാന വിധിയാണ് സുപ്രിം കോടതി പുറപ്പെടുവിച്ചത്. പോലിസ്, ലാന്‍ഡ്, പബ്ലിക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള അധികാരങ്ങളെല്ലാം സംസ്ഥാനത്തിനാണെന്ന് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഐകകണ്‌ഠേനയുള്ള നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഡല്‍ഹിയിലെ ഭരണ നിര്‍വഹണം സംബന്ധിച്ച് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരും ലഫ്റ്റ്‌നന്റ് ഗവര്‍ണറും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിനാണ് സുപ്രിംകോടതി വിരാമമിട്ടത്. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്.

    'ജനാധിപത്യ രീതിയിലുള്ള സംവിധാനത്തില്‍, ഭരണപരമായ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് നല്‍കേണ്ടത്. സംസ്ഥാന ഭരണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍, കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മ്മാണം നടത്താന്‍ കഴിയുന്ന കാര്യങ്ങളില്‍ ഒരു സംസ്ഥാനത്ത് കേന്ദ്രത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം പരിമിതപ്പെടുത്തിയിരിക്കുന്നു. അല്ലെങ്കില്‍ ഇത് ഫെഡറല്‍ ഭരണസംവിധാനത്തെയും പ്രാതിനിധ്യ ജനാധിപത്യ തത്വത്തെയും പൂര്‍ണമായും ഇല്ലാതാക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

    കേന്ദ്ര സര്‍ക്കാര്‍ ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ഐഎഎസ് ഓഫിസര്‍മാരുരെട നിയമനം റദ്ദാക്കി, നിര്‍ണായകമായ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നില്ല, അടിസ്ഥാനപരമായ ഭരണകാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു തുടങ്ങിയ വാദങ്ങളും ഉന്നയിച്ചിരുന്നു. ഇതിലാണ് എഎപി സര്‍ക്കാരിന് അനുകൂലമായ വിധി പ്രസ്താവിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരേ ആംആദ്മി പാര്‍ട്ടി നല്‍കിയ കേസില്‍ യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് 2019ലും സുപ്രിം കോടതി വിധിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അന്ന് വിധി പറഞ്ഞത്.

Tags:    

Similar News