എസ്.പി.സി യൂണിഫോം; സര്‍ക്കാര്‍ നടപടി മുസ്‌ലിം വിഭാഗത്തിന്റെ ഭരണഘടനാവകാശത്തെ വെല്ലുവിളിക്കുന്നതെന്ന് എസ്.ഐ.ഒ
കോഴിക്കോട്; സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റ് യൂണിഫോം കോഡില്‍ വ്യത്യസ്ത മതവിഭാഗങ്ങളുടെ വസ്ത്ര രീതികള്‍ അനുവദിച്ചാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന മതേതരത്വത്തിന് കോട്ടം സംഭവിക്കുമെന്നും അതിനാല്‍ എസ്.പി.സി യൂണിഫോം കോഡില്‍ മഫ്ത അനുവദിക്കാന്‍ പറ്റില്ലെന്നുള്ള സര്‍ക്കാര്‍ നിലപാട് അപകടകരവും മുസ്‌ലിം വിഭാഗത്തിന് ഭരണഘടനാപരമായി ലഭ്യമാകേണ്ട വിശ്വാസ അവകാശത്തെ വെല്ലുവിളിക്കുന്നതും ആണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന മതേതരത്വം ആണ് ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്നത്. മതചിഹ്നങ്ങള്‍ യൂണിഫോമില്‍ ഉള്‍പ്പെടുത്തുന്നത് മതേതരത്വത്തിന് ഭീഷണിയാണെന്ന് പറയുന്ന കേരള സര്‍ക്കാര്‍ നിലപാട് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാത്തതും സി.പിഎമ്മിന്റെ മതവിരുദ്ധ കാഴ്ചപ്പാടുകള്‍ നടപ്പില്‍ വരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗവുമാണ്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിം ജനവിഭാഗം ഉപയോഗിക്കുന്ന മത ചിഹ്നങ്ങള്‍ മതേതരത്വത്തിന് വിരുദ്ധമാണെന്ന് സര്‍ക്കാറിന് നേതൃത്യം നല്‍കുന്ന സി.പി.എമ്മിന് നിലപാടുണ്ടോ എന്ന് പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണം. അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്.പി.സി കേഡറ്റായ കുറ്റിയാടി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റിസ നഹാന്‍ യൂണിഫോം കോഡില്‍ മഫ്തയും ഫുള്‍സ്ലീവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് നല്‍കിയ പരാതി തള്ളിക്കൊണ്ട് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും രാജ്യത്തെ പൗരന്മാര്‍ക്ക് അവരുടെ വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് എല്ലാ മേഖലകളിലും ഇടപെടാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സെക്രട്ടറിമാരായ റഷാദ് വി.പി, വാഹിദ് ചുള്ളിപ്പാറ, മുഹമ്മദ് സഈദ് ടി.കെ, അഡ്വ. അബ്ദുല്‍ വാഹിദ്, തഷ്‌രീഫ് കെ.പി തുടങ്ങിയര്‍ പങ്കെടുത്തു.