' മാപ്പിള ഹാല്‍ ' മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ വേറിട്ട ആവിഷ്‌കാരവുമായി എസ്‌ഐഒ
കോഴിക്കോട്: 1921 മലബാര്‍ സമര നൂറാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് എസ്‌ഐഒ കേരള സംഘടിപ്പിക്കുന്ന ഇന്ററാക്ടീവ് വേര്‍ച്വല്‍ എക്‌സിബിഷന്‍ ' മാപ്പിള ഹാല്‍ ' ലോഗോ അബ്ദുനാസര്‍ മഅദനി പ്രകാശനം ചെയ്തു. 1921 മലബാര്‍ സമരത്തെ ഡിജിറ്റല്‍ ദൃശ്യതയുടെ സഹായത്തോടെ ആദ്യമായി അടയാളപ്പെടുത്തുന്ന വ്യത്യസ്ഥമായ അവതരണമാണ് എസ്‌ഐഒ സംഘടിപ്പിക്കുന്ന മാപ്പിള ഹാല്‍ വെര്‍ച്ച്വല്‍ എക്‌സിബിഷന്‍. സമരത്തെക്കുറിച്ചുള്ള വ്യത്യസ്ത വായനകള്‍, ചരിത്ര രചനകള്‍, രേഖകള്‍, സമര വ്യക്തിത്വങ്ങള്‍, പോരാട്ട സംഭവങ്ങള്‍ തുടങ്ങിയ സമഗ്ര വിവരങ്ങള്‍ അടങ്ങിയ ഇന്റരാക്ടീവ് വേര്‍ച്വല്‍ എക്‌സിബിഷന്‍ ' മാപ്പിള ഹാല്‍ ' മലബാര്‍ സമരത്തെക്കുറിച്ച വിവരങ്ങള്‍ വളരെ ജനകീയമായിത്തന്നെ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒരുക്കുന്നത്.
ബ്രിട്ടീഷുകാരടക്കമുള്ള അധിനിവേശ ശക്തികള്‍ക്കും ജാതി മേധാവിത്വത്തിനുമെതിരെ നിലകൊണ്ട മലബാറിലെ സുദീര്‍ഘമായ വൈജ്ഞാനിക സമര പാരമ്പര്യത്തെ ഹാലിളക്കമായും മതഭ്രാന്തായും ചിത്രീകരിച്ച കൊളോണിയല്‍ സവര്‍ണ്ണ ആഖ്യാനങ്ങള്‍ക്കുള്ള വിമര്‍ശക ബദല്‍ കൂടിയായ 'മാപ്പിള ഹാല്‍' വരുന്ന ഡിസംബര്‍ 15 മുതല്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാകും.എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സെക്രട്ടറി റഷാദ് വി പി, എക്‌സിബിഷന്‍ ഡയറക്ടറും സംസ്ഥാന സമിതി അംഗവുമായ നിയാസ് വേളം, എക്‌സിബിഷന്‍ ക്യൂറേറ്റര്‍ ഷഹീന്‍ അബ്ദുള്ള, മുസമ്മില്‍ എന്നിവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.