ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾക്ക് പ്രത്യേക പാക്കേജ്

Update: 2022-12-27 12:02 GMT

തൃശൂർ: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളെ മികവുറ്റതാക്കി മാറ്റാൻ പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പിഡബ്ല്യുഡിക്ക് പുറമെ തദ്ദേശസ്വയംഭരണം, തീരദേശം, വനം തുടങ്ങി വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള 20 റോഡുകൾക്കായി പാക്കേജ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. പൂച്ചെട്ടി –ഇരവിമംഗലം - മരത്താക്കര –പുഴംമ്പ‍ള്ളം റോഡ് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി 


പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന 30,000 കിലോമീറ്റർ റോഡിൽ 50 ശതമാനം റോഡുകളും 2026നുള്ളിൽ ബിഎം -ബിസി നിലവാരത്തിലേയ്ക്ക് മാറും. ഒല്ലൂർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 162 കിലോമീറ്റർ റോഡുകളും അഞ്ച് വർഷത്തിനുള്ളിൽ ബിഎം -ബിസി റോഡായി മാറ്റുമെന്നും മണ്ഡലത്തിലെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


മുഴുവൻ പൊതുമരാമത്ത് റോഡുകളും ബിഎം - ബിസി നിലവാരത്തിലേയ്ക്ക് ഉയരുന്ന സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തായി നടത്തറ മാറുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. നബാര്‍ഡ് 2021 - 22 

പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് 9 കോടി രൂപ ഉപയോഗിച്ചാണ് പൂച്ചെട്ടി –ഇരവിമംഗലം - മരത്താക്കര –പുഴംമ്പ‍ള്ളം റോഡ് നിർമ്മിക്കുന്നത്. 6.6 കിലോമീറ്റർ ദൂരം 5.5 മീറ്റർ വീതിയിൽ ബിഎം -ബിസി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡ് പുത്തൂർ - നടത്തറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കും. 


പൂച്ചെട്ടി സെന്ററിൽ നടന്ന ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റുമാരായ അഡ്വ.പി ആർ രജിത്ത്, അശ്വതി സുനിഷ്, ജില്ലാ പഞ്ചായത്ത് അംഗം കെവി സജു, ജോസഫ് ടാജറ്റ്, നടത്തറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പികെ അഭിലാഷ്,

പൊതുമരാമത്ത് വകുപ്പ് സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ ടി എസ് സുജറാണി, തൃശൂർ പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ എസ് ഹരീഷ്, അസി.എക്സ്.എൻജിനീയർ എ കെ നവീൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Similar News