ആര്‍ ബി ശ്രീകുമാറിന്റെയും ടീസ്ത സെതല്‍വാദിന്റെയും കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
മുംബൈ: മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, ആക്റ്റിവിസ്റ്റ് ടീസ്ത സെതല്‍വാദ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എന്നിവരുടെ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കുറ്റകരമായ ഗൂഢാലോചന, വ്യാജ രേഖ നിര്‍മിച്ച് നല്‍കല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
ആറംഗ ഗംഘമാണ് കേസ് അന്വേഷിക്കുക. എടിഎസ് മേധാവിയായ ഡിഐജി ദീപന്‍ ഭദ്രനാണ് സംഘത്തെ നയിക്കുക. എടിഎസ് എസ്പി സുനില്‍ ജോഷി, ഡെപ്യൂട്ടി എസ്പി (സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്) ബി സി സോളങ്കി എന്നിവര്‍ സംഘത്തിലുണ്ട്. പൊലിസ് ഇന്‍സ്‌പെക്ടര്‍മാരായ പി ജി വഗേല, എ ഡി പര്‍മര്‍, വനിതാ ഇന്‍സ്‌പെക്ടര്‍ എച്ച് വി റാവല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗുജറാത്ത് വംശഹത്യക്കേസില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രിംകോടതി ക്ലീന്‍ചിറ്റ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് മൂവര്‍ക്കുമെതിരേ ഗൂഢാലോചനക്കേസ് ചുമത്തിയത്.
മുംബൈയില്‍നിന്നാണ് സെതല്‍വാദിനെ കസ്റ്റഡിയിലെടുത്തത്. ശ്രീകുമാറിനെ അഹമ്മദാബാദില്‍നിന്ന് കസറ്റഡിയിലെടുത്തു. പിന്നീട് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഇവരെ ജൂലൈ 1 വരെ റിമാന്‍ഡ് ചെയ്തു. സഞ്ജയ് ഭട്ട് ഏറെ നാളായി ജയിലിലാണ്.