പാലക്കാട് ഡിവിഷന്‍ വിഭജിക്കല്‍: ബിജെപി സര്‍ക്കാരിന്റെ കേരളത്തോടുള്ള വഞ്ചനയുടെ തുടര്‍ച്ച- കെകെ റൈഹാനത്ത്

Update: 2024-07-20 10:01 GMT

തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നീക്കം കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയുടെയും വഞ്ചനയുടെയും തുടര്‍ച്ചയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ റൈഹാനത്ത്. 1956 ല്‍ രൂപീകരിച്ച പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ റെയില്‍വേ ഡിവിഷനുകളില്‍ ഒന്നാണ്. നിലവില്‍ പോത്തന്നൂര്‍ മുതല്‍ മംഗളുരു വരെ 588 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കി കോയമ്പത്തൂര്‍, മംഗളുരു എന്നീ ഡിവിഷനുകള്‍ രൂപീകരിക്കാനാണ് റെയില്‍വേയുടെ പുതിയ നീക്കം. കേരളത്തിന്റെ റെയില്‍വേ വികസനത്തെ ഇത് സാരമായി ബാധിക്കും. പാലക്കാട് ഡിവിഷന്‍ മുമ്പ് വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചതു തന്നെ സംസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടാക്കി. കേരളം ആസ്ഥാനമാക്കി പുതിയ റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കേരളത്തിന് നേരത്തെ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിയും നടപ്പായില്ല.

റെയില്‍വേയ്ക്ക് നല്‍കുന്ന വരുമാനത്തിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യവികസനം പോലും കേരളത്തില്‍ റെയില്‍വേ നടത്തുന്നില്ല. പുതിയ വണ്ടി അനുവദിക്കാതെയും നിലവിലുള്ളവയുടെ എണ്ണം കുറച്ചും ലക്ഷോപലക്ഷം വരുന്ന യാത്രക്കാരെ തീരാദുരിതത്തിലാക്കിയിരിക്കുകയാണ് റെയില്‍വേ. 30 ലക്ഷത്തിലധികം അതിഥി തൊഴിലാളികളാണ് കേരളത്തില്‍ തൊഴിലെടുക്കുന്നത്. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ ഉള്ള മലയാളികളെയും പ്രയാസങ്ങളില്‍ നിന്നു പ്രയാസങ്ങളിലേക്ക് തള്ളിവിടുകയാണ് റെയില്‍വേയും ബിജെപി സര്‍ക്കാരും. മിക്ക ദിവസങ്ങളിലും ജനറല്‍ കോച്ചുകളില്‍ ശ്വാസം മുട്ടിയാണ് യാത്ര ചെയ്യുന്നത്. അപകടങ്ങള്‍ ദിനംപ്രതി വര്‍ധിക്കുമ്പോഴും റെയില്‍വേ കണ്ണുതുറക്കുന്നില്ല. സംസ്ഥാനത്ത് സര്‍വിസ് നടത്തുന്ന വണ്ടികളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചും ഗണ്യമായ സീറ്റുകള്‍ തല്‍ക്കാല്‍ ആക്കി മാറ്റിയും ജനങ്ങളെ കൊള്ളയടിക്കുകയാണ്. ടിക്കറ്റ് റീ ഫണ്ടിന്റെ പേരിലും വലിയ തട്ടിപ്പാണ് നടത്തുന്നത്. കേരളാ ജനതയെ പ്രതിസന്ധിയിലാക്കുന്നതും സംസ്ഥാനത്തിന് ദോഷകരവുമാകുന്നതുമായ തീരുമാനങ്ങളില്‍ നിന്ന് കേന്ദ്രം വിട്ടു നില്‍ക്കണമെന്നും കൂടുതല്‍ റെയില്‍വേ ഡിവിഷനുകളും പാതയും വണ്ടികളും ജനറല്‍ കോച്ചുകളും അനുവദിക്കണമെന്നും കെകെ റൈഹാനത്ത് ആവശ്യപ്പെട്ടു.

Tags:    

Similar News