ന്യൂഡല്‍ഹി: ഏതാനും ആഴ്ചകളായി തുടരുന്ന ശ്രീലങ്കന്‍ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നു.
ചൊവ്വാഴ്ചയാണ് യോഗം വിളിക്കുകയെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. യോഗത്തില്‍ ശ്രീലങ്കന്‍ പ്രതിസന്ധിയെക്കുറിച്ച് വിശദീകരണം നല്‍കാന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനോടും ധനമന്ത്രി നിര്‍മല സീതാരാമനോടും നിര്‍ദേശിച്ചതായി മന്ത്രി പറഞ്ഞു.
വിദേശകാര്യ സെക്രട്ടറിയായിരിക്കും ശ്രീലങ്കന്‍ പ്രതിസന്ധിയെക്കുറിച്ച് പ്രസന്റേഷന്‍ അവതരിപ്പിക്കുക. യോഗം വൈകീട്ട് 5.30ന് ആരംഭിക്കും.
തമിഴ്‌നാട്ടിലടക്കമുള്ള രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ ആശങ്ക അകറ്റാനാണ് യോഗം വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി ജയശങ്കറുമായും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ലങ്കയിലെ സ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സാമ്പത്തികമായി തകര്‍ന്ന ശ്രീലങ്കയിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ അയയ്ക്കാന്‍ തമിഴ്‌നാട് അനുമതി തേടുകയും ചെയ്തിരുന്നു.
ശ്രീലങ്ക സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധി നേരിടുകയാണ്. ജൂലൈ 9ന് പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വസതി പ്രതിഷേധക്കാര്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് 73കാരനായ അദ്ദേഹം ഒളിവില്‍ പോകുകയായിരുന്നു, പിന്നീട് രാജിപ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി. ജൂലൈ 20ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.