ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ മാലദ്വീപിലെ വെലാന വിമാനത്താവളത്തിലറങ്ങി

Update: 2022-07-13 03:11 GMT

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ ബുധനാഴ്ച പുലര്‍ച്ചെ മാലിദ്വീപിലെ വെലാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയതായി മാലിദ്വീപ് മാധ്യമങ്ങളെ ഉദ്ധരിച്ച് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.

പ്രസിഡന്റ് ഗോതബയ രാജപക്‌സെ തന്റെ ഭാര്യയ്ക്കും അംഗരക്ഷകനുമൊപ്പം അന്റോനോവ് 32 സൈനിക വിമാനത്തില്‍ രാജ്യത്ത് നിന്ന് മാലിദ്വീപിലേക്ക് പുറപ്പെട്ടതായി ഇമിഗ്രേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.

രാജപക്‌സെ ഒപ്പിട്ട രാജിക്കത്ത് സ്പീക്കര്‍ ഇന്ന് പാര്‍ലമെന്റില്‍ പരസ്യമായി പ്രഖ്യാപിക്കും.

ജൂലൈ 20ന് പാര്‍ലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ബുധനാഴ്ച രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും. ജൂലൈ 19ന് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കും.

ജൂലൈ 20 ന് പാര്‍ലമെന്റില്‍ വോട്ടെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തീരുമാനിച്ചതായി ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന പറഞ്ഞു.

ജൂലൈ 9ന് ജനക്കൂട്ടം പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ നാവികസേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പിന്നീട് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ഒരു നാവിക കപ്പലിലായിരുന്നു അദ്ദേഹം.

1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. വിദേശനാണ്യശേഖരം ഇടിഞ്ഞു. ഇന്ധനവും മരുന്നും കിട്ടാതായി. വിലവര്‍ധന തീവ്രമായിരുന്നു. ഇത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി.

കൊവിഡ് മഹാമാരി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. എണ്ണക്ഷാമം മൂലം പല സ്ഥാപനങ്ങളും സ്‌കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും അടച്ചിട്ടു.

വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഏറ്റവും പുതിയ ഭക്ഷ്യഅരക്ഷിതാവസ്ഥ വിലയിരുത്തല്‍ അനുസരിച്ച്, ഏകദേശം 6.26 ദശലക്ഷം ശ്രീലങ്കക്കാര്‍ക്ക് അല്ലെങ്കില്‍ 10 വീടുകളില്‍ മൂന്ന് എന്ന കണക്കില്‍ അവരുടെ അടുത്ത ഭക്ഷണം എവിടെ നിന്നാണ് വരുന്നതെന്ന് ഉറപ്പില്ല. അനിശ്ചിതത്വവും ഭക്ഷ്യമരുന്ന് ക്ഷാമവും അതി രൂക്ഷമാണ്. ചരക്കുനീക്കവും പലയിടങ്ങളിലും നിലച്ചു.

Tags:    

Similar News