കര്‍ണാടകയില്‍ ക്ഷേത്രപരിസരത്ത് ശ്രീരാംസേന പ്രവര്‍ത്തകര്‍ മുസ്‌ലിം കച്ചവടക്കാരുടെ ഉന്തുവണ്ടികള്‍ തകര്‍ത്തു

Update: 2022-04-10 06:44 GMT

ധാര്‍വാഡ്: കര്‍ണാടകയിലെ ശ്രീ നുഗ്ഗിക്കേരി ഹനുമന്ത ക്ഷേത്ര പരിസരത്ത് മുസ് ലിം വഴിയോര കച്ചവടക്കാരുടെ ഉന്തുവണ്ടികള്‍ ശ്രീരാം സേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ശനിയാഴ്ച ധാര്‍വാഡ് ജില്ലയിലാണ് സംഭവം.

അക്രമികള്‍ കാവി ഷാള്‍ ധരിച്ചാണ് എത്തിയതെന്ന് ദൃക്ഷാക്ഷികള്‍ പറഞ്ഞു. വില്‍പ്പനയ്ക്കു വച്ചിരുന്ന തണ്ണിമത്തന്‍, ഇളനീര്‍ എന്നിവയും വാരിവലിച്ചിട്ടു.

ഏകദേശം 8-10 പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് നബിസാബ് എന്ന തണ്ണിമത്തന്‍ വ്യാപാരി പറഞ്ഞു. അവര്‍ കച്ചവടക്കാരോട് ഒന്നും സംസാരിക്കുകയപോലും ചെയ്യാതെ കച്ചവടസാധനങ്ങള്‍ തകര്‍ക്കുകയായിരുന്നു. നബിസാബിന്റെ അഞ്ച് ക്വിന്റല്‍ തണ്ണിമത്തന്‍ ഉടച്ചുകളഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി ഇതേ ക്ഷേത്രപരിസരത്ത് കച്ചവടം നടത്തുന്നയാളാണ് നബിസാബ്.

ക്‌ഷേത്രത്തിന് മുന്നിലെ മുസ് ലിം വ്യാപാരികളെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ കഴിഞ്ഞയാഴ്ച പ്രതിഷേധിക്കുകയും മെമ്മോറാണ്ടം നല്‍കുകയും ചെയ്തിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ക്ഷേത്രപരിസരത്ത് പോലിസ് നിലയുറപ്പിച്ചിരുന്നെങ്കിലും അവര്‍ ഇടപെടാന്‍ തയ്യാറായില്ല. ധര്‍വാദ് പോലിസ് കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പാവപ്പെട്ട കച്ചവടക്കാരെ പഴം, പൂക്കള്‍, പച്ചക്കറി എന്നിവ വില്‍ക്കാന്‍ അനുവദിച്ചിരുന്നുവെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ഇവിടെ 99 ശതമാനവും വില്‍പ്പനക്കാര്‍ ഹിന്ദുക്കളാണ്. ശ്രീരാമസേനയുടെ പരാതി പരിശോധിക്കുന്നതിനിടയിലാണ് ആക്രമണം നടന്നതെന്നും ക്ഷേത്രഭാരവാഹികള്‍ പ്രതികരിച്ചു.



Tags:    

Similar News