സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അതിരൂപത എന്‍ജിഒക്ക് ഒരു കോടി രൂപയുടെ വായ്പ വിതരണം ചെയ്തു
തൃശൂര്‍: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ തൃശൂര്‍ ജില്ലാ ഓഫിസ്, തൃശൂര്‍ അതിരൂപതയുടെ എന്‍ ജി ഒ ആയ സോഷ്യല്‍ വെല്‍ഫയര്‍ സാന്ത്വനത്തിന് നല്‍കിയ ഒരു കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പവര്‍ അവാര്‍ഡ് ജേതാവും ലിംക ബുക്ക് ഓഫ് അവാര്‍ഡ് ജേതാവുമായ സിസ്റ്റര്‍ ലിസ്മിയെ സാന്ത്വനം ചെയര്‍മാന്‍ മോണ്‍. ജോസ് കോനിക്കര ആദരിച്ചു.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണോദ്ഘാടനവും വനിതാ ദിനാഘോഷവും മന്ത്രി നിര്‍വഹിച്ചു.
കിഴക്കേകോട്ട ഫാമിലി അപ്പസ്‌തോലേറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് ആമുഖ പ്രഭാഷണം നടത്തി. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ അഡ്വ. വില്ലി ക്ലാസ് നയിച്ചു. കെഎസ്ബി ഡി സി എ ജി എം വേണുഗോപാല്‍ പി എന്‍ പദ്ധതി വിശദീകരണം നടത്തി. സോഷ്യല്‍ വെല്‍ഫെയര്‍ സെന്റര്‍ സെക്രട്ടറി ഫാ ജോയ് മൂക്കന്‍ സ്വാഗതവും സാന്ത്വനം അസി. ഡയറക്ടര്‍ സിജു പുളിക്കന്‍ നന്ദിയും പറഞ്ഞു.