കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ പണമില്ല; സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 455 കോടി

കിഫ്ബി സഹായത്തോടെ 700 സിഎന്‍ജി ബസുകള്‍ വാങ്ങാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്

Update: 2022-05-18 07:25 GMT

തിരുവനന്തപുരം: ശമ്പളം നല്‍കാന്‍ പണമില്ലാത്ത കെഎസ്ആര്‍ടിസിക്ക് പുതിയ സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് കെഎസ്ആര്‍ടിസിക്ക് 455 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്. പുതിയ സിഎന്‍ജി ബസുകള്‍ വാങ്ങാനാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 445 കോടി അനുവദിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തുക അനുവദിച്ചത്. കിഫ്ബി സഹായത്തോടെ 700 സിഎന്‍ജി ബസുകള്‍ വാങ്ങാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

അതേ സമയം, യോഗത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്തില്ല. മെയ് 18 കഴിഞ്ഞിട്ടും കഴിഞ്ഞ മാസത്തെ ശമ്പള വിതരണം നടന്നിട്ടില്ല. ഇരുപതാം തിയ്യതിക്കുള്ളില്‍ ശമ്പളം നല്‍കാമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ അനൗദ്യോഗിക ഉറപ്പെങ്കിലും ഇതുവരെ വായ്പയെടുക്കുന്നതിനായി സര്‍ക്കാര്‍ സഹായം ഉണ്ടായിട്ടില്ല. ഉടന്‍ തന്നെ സ്വയം വായ്പ കണ്ടെത്താന്‍ മാനേജ്‌മെന്റിന് കഴിഞ്ഞില്ലെങ്കില്‍ ഇരുപതാം തിയ്യതിയും ശമ്പളം എത്തില്ല. 80 കോടിയിലേറെ രൂപയാണ് ശമ്പളം കൊടുക്കാന്‍ വേണ്ടത്. ഇതില്‍ 30 കോടി സര്‍ക്കാര്‍ സഹായമായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 45 കോടി ബാങ്ക് ഓവര്‍ഡ്രാഫ്‌റ്റെടുത്താണ് ശമ്പളം വിതരണം പൂര്‍ത്തിയാക്കിയത്.

അതേസമയം, ജീവനക്കാരുടെയെന്ന പേരില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തേയും ചിലവിനേയും സംബന്ധിച്ച് പ്രചരിക്കുന്ന കണക്കുകള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതിനായി കെഎസ്ആര്‍ടിസിയുടെ വരവും ചെലവും പുറത്ത് വിട്ടു. ചെലവാക്കുന്ന തുകയേക്കാള്‍ വരവ് ലഭിക്കുന്നുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് വിശദീകരിക്കാനാണ് കെഎസ്ആര്‍ടിസി കണക്കുകള്‍ നിരത്തിയത്. ഇന്ധന വില വര്‍ധനവും ശമ്പള പരിഷ്‌കരണത്തിലൂടെയുള്ള അധിക ബാധ്യതയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും മാനേജ്‌മെന്റ് വിശദീകരിക്കുന്നു. 

Tags:    

Similar News