സര്‍ക്കാരിനെ വെട്ടിലാക്കി സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി സോളാര്‍ പീഢനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. പരാതിയില്‍ പീഢിപ്പിച്ചു എന്ന് പറഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നു. പരാതിക്കാരി അന്നേദിവസം ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെയും പെഴ്‌സനല്‍ സ്റ്റാഫിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നതായും അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.
സോളാര്‍ കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന പോലിസ് ക്രൈംബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട് സ്വകാര്യ ചാനല്‍ പുറത്ത് വിട്ടത്. ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. എന്തൊക്കെ കുപ്രചരണങ്ങളുണ്ടായാലും ജനം ഒരിക്കല്‍ സത്യം തിരിച്ചറിയുമെന്ന് അറിയാമായിരുന്നു എന്ന് ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.