കേരളത്തില്‍ ഗ്രൂപ്പ് തീവ്രവാദം; സതീശന്റെ നിയമനം ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള തുടക്കമെന്നും വിഎം സുധീരന്‍
താന്‍ കെപിസിസി പ്രസിഡന്റായിരുന്ന സമയത്ത് നിര്‍ണായക ഘട്ടങ്ങളില്‍ ഗ്രൂപ്പ് നേതാക്കളെ മറികടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. സഹകരണം ലഭിക്കാതിരുന്നതോടെയാണ് അന്ന് സ്ഥാനമൊഴിഞ്ഞതെന്നും വിഎം സുധീരന്‍ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തില്‍ ഗ്രൂപ്പ് തീവ്രവാദമാണെന്നും വിഡി സതീശന്റെ നിയമനം ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള തുടക്കാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു വിഎം സുധീരന്റെ വിമര്‍ശനം.
'ആന്റണി-കരുണാകരന്‍ കാലഘട്ടത്തിന് ശേഷം ഉയര്‍ന്നുവന്ന ഗ്രൂപ്പിസം വിനാശകരമായ ഗ്രൂപ്പിസമാണ്. അവിടെ കഴിവിന് ഒരു സ്ഥാനവുമില്ല. അത്തരം അനാരോഗ്യകരമായ ഗ്രൂപ്പ് തീവ്രവാദം കോണ്‍ഗ്രസിന് വലിയ ദോഷമുണ്ടാക്കി. അതിനൊരു മാറ്റമുണ്ടാവണമെന്നത് ആത്മാര്‍ത്ഥയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ജനങ്ങളുടെയും അദമ്യമായ ആഗ്രഹമാണ്. അതിനുള്ള നല്ല തീരുമാനമാണ് വിഡി സതീശനെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി നിയോഗിച്ചതിലൂടെ സാധ്യമാവുന്നത്'- സുധീരന്‍ പറഞ്ഞു.
കഴിവുള്ളവര്‍ തിരഞ്ഞെടുപ്പില്‍പ്പോലും ഗ്രൂപ്പുകാരണം പിന്തള്ളപ്പെട്ടു. ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണ് സതീശന്റെ നിയമനം. ഈ നല്ല തുടക്കത്തിന്റെ ചുവടുപിടിച്ചു മുകള്‍ത്തട്ടുമുതല്‍ താഴെത്തലം വരെ അടിമുടി മാറ്റമുണ്ടാവണം. അത് ഗുണപരമായ മാറ്റമായിരിക്കണം. അത് ആരെയും ഉപദ്രവിച്ചുകൊണ്ടാവരുത്. ഗ്രൂപ്പ് തീവ്രവാദത്തിന്റെ പരിണിത ഫലമാണ് കോണ്‍ഗ്രസിന് അനുഭവിക്കേണ്ടി വന്നത്.
തന്റെ സമയത്ത് നിര്‍ണായക ഘട്ടങ്ങളില്‍ ഗ്രൂപ്പ് നേതാക്കളെ മറികടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. പലപ്പോഴും സഹകരണം ലഭിക്കാതിരുന്നതോടെയാണ് അന്ന് ഒഴിഞ്ഞതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.