താരങ്ങള്‍ സ്‌പോണ്‍സര്‍മാരുടെ ബോട്ടിലുകള്‍ മാറ്റിവെക്കരുത്; നിര്‍ദ്ദേശവുമായി യുവേഫ
താരങ്ങള്‍ തുടര്‍ച്ചയായി സ്‌പോണ്‍സര്‍മാരെ പുറത്താക്കുന്നത് ആവര്‍ത്തിച്ചതോടെയാണ് യുവേഫ നിര്‍ദ്ദേശവുമായി ഇറങ്ങിയത്.
നയോണ്‍: വാര്‍ത്താസമ്മേളനങ്ങളില്‍ നിന്നും, മറ്റ് ചടങ്ങുകളില്‍ നിന്നും ഫുട്‌ബോള്‍ താരങ്ങള്‍ സ്‌പോണ്‍സര്‍മാരുടെ ബോട്ടിലുകള്‍ മാറ്റിവെക്കരുതെന്ന നിര്‍ദ്ദേശവുമായി യുവേഫ. യൂറോ കപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ കല്ലെന്‍ ആണ് യുവേഫ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വ്യക്തമാക്കിയത്. സ്‌പോണ്‍സര്‍മാരില്‍ നിന്നുള്ള വരുമാനം ടൂര്‍ണമെന്റിനും യൂറോപ്യന്‍ ഫുട്‌ബോളിനും സുപ്രധാനമാണെന്നും യുവേഫ അറിയിച്ചു. താരങ്ങള്‍ തുടര്‍ച്ചയായി സ്‌പോണ്‍സറായ കോക്ക കോലയെ പുറത്താക്കുന്നത് ആവര്‍ത്തിച്ചതോടെയാണ് യുവേഫ നിര്‍ദ്ദേശവുമായി ഇറങ്ങിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹംഗറിക്കെതിരായ മത്സരത്തിനു മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മേശപ്പുറത്തെ കോലക്കുപ്പി മാറ്റിവച്ചിരുന്നു. പകരം വെള്ളം നിറച്ച കുപ്പി ഉയര്‍ത്തി കോലയല്ല, വെള്ളം എന്നും പറഞ്ഞു. 400 കോടി ഡോളറിന്റെ നഷ്ടമാണ് ക്രിസ്റ്റിയാനോയുടെ പവൃത്തി കാരണം കോക്ക കോലക്കുണ്ടായത്.
ജര്‍മനിക്കെതിരായ മത്സരത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഫ്രാന്‍സ് താരം പോള്‍ പോഗ്ബ തന്റെ മുന്നിലിരുന്ന ഹെയ്‌ന്കെന്‍ ബിയര്‍ കുപ്പി എടുത്ത് മാറ്റിവച്ചു. ഇസ്‌ലാം മത വിശ്വാസിയായ പോഗ്ബ തന്റെ വിശ്വാസങ്ങള്‍ക്ക് എതിരായതിനാലാണ് ബിയര്‍ കുപ്പികള്‍ മാറ്റിവച്ചത്. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ മധ്യനിര താരം മാനുവല്‍ ലോക്കടെല്ലിയും കോക്ക കോല കുപ്പികള്‍ എടുത്തുമാറ്റി. വെള്ളക്കുപ്പി എടുത്തുവച്ച് കൊക്കക്കോള കുപ്പികള്‍ മാറ്റിവെക്കുകയായിരുന്നു അദ്ദേഹം.