മര്‍ഫാത്ത് അലി, അസം പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായതെങ്ങനെ?
പൗരത്വം തെളിയിക്കുന്നതിനായി 1965 മുതലുളള രേഖകള്‍ മര്‍ഫത്ത് അലി ഹാജരാക്കിയിട്ടുണ്ട്. മര്‍ഫത്ത് അലി ചോദിക്കുന്നത് ഇതാണ്? ഞാനും കുടുംബവും പിന്നെ എങ്ങനെയാണ് പട്ടികയില്‍ നിന്ന് പുറത്തായത്?
ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതില്‍ വമ്പിച്ച തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് റിപോര്‍ട്ട്. പുറത്തായതിനുള്ള കാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചുതുടങ്ങിയതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. പൗരത്വ പട്ടികയില്‍ നിന്ന് ഇത്തരത്തില്‍ പുറത്തായവരുടെ എണ്ണം ഇനിയും കണക്കാക്കിയിട്ടില്ല.
1906657 പേരാണ് അസമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായത്. കഴിഞ്ഞ ദിവസം മുതല്‍ ഓരോരുത്തര്‍ക്കും പുറത്തായതിനുള്ള കാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചുതുടങ്ങി. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പുറത്തായവര്‍ക്ക് വിദേശ ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാം. 120 ദിവസത്തിനുളളില്‍ അപ്പീല്‍ നല്‍കണമെന്നാണ് നിയമം.
പുറത്താക്കപ്പെട്ടതിനുള്ള കാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആളാണ് മര്‍ഫാത്ത് അലി. നഗാഓന്‍ ജില്ലയിലെ ബറലിമാരി ഗവോണില്‍ നിന്നുള്ള മര്‍ഫാത്ത് അലിയ്ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് മതിയായ രേഖകള്‍ നല്‍കാത്തതുകൊണ്ടാണ് അദ്ദേഹവും കുടുംബവും പട്ടികയില്‍ നിന്ന് പുറത്തായത്. എന്നാല്‍ താനും കുടുംബവും ആവശ്യമായ എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വെറുതെ പറയുകയല്ല, അതിനുള്ള തെളിവും അദ്ദേഹം ഹാജരാക്കുന്നുണ്ട്.
രേഖകള്‍ കൈമാറുന്നവര്‍ക്കു ലഭിക്കുന്ന റസിപ്റ്റ് ആണ് അവയിലൊന്ന്. റജിസ്ട്രാര്‍ ഓഫ് സിറ്റിസന്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ സൂക്ഷിക്കുന്ന സമ്മറി ഓഫ് ഡോക്യുമെന്റില്‍ രേഖകള്‍ നല്‍കിയതായി സൂചിപ്പിച്ചിട്ടുമുണ്ട്. ഇതൊക്കെ ഉണ്ടായിട്ടാണ് അദ്ദേഹത്തെയും കുടുംബത്തെയും പട്ടികയില്‍ നിന്ന് പുറത്താക്കിയത്.
അതേസമയം പൗരത്വം തെളിയിക്കുന്നതിനായി 1965 മുതലുളള രേഖകള്‍ മര്‍ഫത്ത് അലി ഹാജരാക്കിയിട്ടുണ്ട്. അതിലൊന്ന് 1965 ലെ വോട്ടര്‍പട്ടികയാണ്. ഓഫിസ് ഓഫ് ദി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഓഫ് നാഷണല്‍ രജിസ്‌ട്രേഷന്‍, അസം നല്‍കുന്ന രേഖയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നു. ട്രിബ്യൂണല്‍ തന്നെ നല്‍കുന്ന രേഖപ്രകാരം അദ്ദേഹത്തിന്റെ പേര് 1965 ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ മര്‍ഫത്ത് അലി ചോദിക്കുന്നത് ഇതാണ്? ഞാനും കുടുംബവും പിന്നെ എങ്ങനെയാണ് പട്ടികയില്‍ നിന്ന് പുറത്തായത്?
സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് പോലുള്ള സംഘടനകള്‍ വഴി തന്റെ പ്രശ്‌നം ഫോറിന്‍ ട്രിബ്യൂണലില്‍ അവതരിപ്പിക്കാനിരിക്കുകയാണ് മര്‍ഫത്ത് അലി. അദ്ദേഹത്തിന് പൗരത്വം ലഭിക്കുമോ? ആര്‍ക്കറിയാം!