ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവ് നായ ശല്യം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സാബു സ്റ്റീഫന്‍, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവര്‍ നല്‍കിയ ഹരജി സപ്തംബര്‍ 26ന് പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, അഭിരാമിയുടെ മരണം ചൂണ്ടിക്കാട്ടി അടിയന്തരമായി വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ വി കെ ബിജു ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
തെരുവ് നായ്ക്കളുടെ അക്രമണം സംബന്ധിച്ച് 2016ല്‍ കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ റിപോര്‍ട്ട് തേടുന്നത് പരിഗണിക്കാമെന്നും കോടതി ഉറപ്പുനല്‍കിയിട്ടുണ്ട്. മുമ്പ് സംസ്ഥാനത്ത് തെരുവുനായ ശല്യം വര്‍ധിച്ചപ്പോഴാണ് പ്രശ്‌നത്തെപ്പറ്റി പഠനം നടത്താന്‍ സുപ്രിംകോടതി ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍ രൂപീകരിച്ചത്. തെരുവ് നായയുടെ കടിയേറ്റാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ചുള്ള ശുപാര്‍ശ നല്‍കാനും സിരജഗന്‍ കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.
തെരുവ് നായ ആക്രമണം തടയാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ഹരജിക്കാരന്‍ സാബു സ്റ്റീഫന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്തില്‍ സംസ്ഥാനത്ത് എട്ട് പേരാണ് മരിച്ചത്. അതില്‍ രണ്ട് പേര്‍ പ്രതിരോധ വാക്‌സിന്‍ കുത്തിവച്ചവരായിരുന്നു. സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് തെരുവ് നായയുടെ ആക്രമണത്തിനിരയായതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
വാക്‌സിന്‍ ഫലപ്രാപ്തിയെക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഒരു സമിതി രൂപീകരിച്ചെന്നാണ് മനസ്സിലാക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാണ്. തെരുവുനായ്ക്കളുടെ കടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവവും സംസ്ഥാനത്ത് പരിഭ്രാന്തി പരത്തുന്നുണ്ട്.