തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പോറലേറ്റ വീട്ടമ്മ മരിച്ചു; പേ വിഷബാധയെന്ന് സംശയം
തിരുവനന്തപുരം: തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറലേറ്റ വീട്ടമ്മ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിനിയും ബെംഗളൂരുവില്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റുമായ സ്‌റ്റെഫിന്‍ വി പെരേര(49)യാണ് മരിച്ചത്. പേ വിഷബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മ ചികില്‍സയ്ക്കിടെയാണ് മരണപ്പെട്ടത്. സഹോദരന്റെ ചികില്‍സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂടെയുണ്ടായിരുന്ന സ്‌റ്റെഫിനെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികില്‍സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണപ്പെട്ടത്. അഞ്ചുതെങ്ങിലെ കുടുംബവീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന സഹോദരന്‍ ചാള്‍സിന്റെ ചികില്‍സാ അവശ്യാര്‍ത്ഥമാണ് സ്‌റ്റെഫിന്‍ നാട്ടിലെത്തിയത്. വീട്ടില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ ഒരു നായ സ്‌റ്റെഫിന്റെ കൈയില്‍ മാന്തിയിരുന്നു. മുറിവ് ഇല്ലാത്തതിനാല്‍ സ്‌റ്റെഫിന്‍ വാക്‌സിനൊന്നും എടുത്തിരുന്നില്ല.
സഹോദരന്റെ ചികിത്സക്കായി ഏഴാം തിയ്യതി ആശുപത്രിയില്‍ പോയ സ്‌റ്റെഫിനെ ഒമ്പതാം തിയ്യതിയാണ് പേവിഷബാധയേറ്റതു പോലുള്ള അസ്വസ്ഥതകള്‍ കാരണം ചികില്‍ലയ്ക്കായി പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ വിശദമായി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടില്‍ തെരുവുനായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായ്ക്കൂട്ടത്തിലൊരെണ്ണം കൈയില്‍ മാന്തിയ വിവരം പറഞ്ഞത്. ഞായറാഴ്ച രാവിലെ അക്രമാസക്തയായതോടെ ഇവരെ സ്ത്രീകളുടെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഐസിയുവിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് ആറോടെയാണ് മരണപ്പെട്ടത്. മൃതദേഹം സംസ്‌കരിച്ചു. സംഭവം വിവാദമായതോടെ വിഷയത്തില്‍ അന്വേഷണം തുടങ്ങി. പരിശോധനകള്‍ക്കായി സാംപിളുകള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലേ പേ വിഷബാധയാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. സ്‌റ്റെഫിന്‍ പെരേര അവിവാഹിതയാണ്.