മാളയില്‍ തെരുവ് നായ്ക്കള്‍ നാലരവയസ്സുകാരിയെ കടിച്ചുപറിച്ചു
മുഖത്തും ചുണ്ടിലും പ്ലാസ്റ്റിക്ക് സര്‍ജറിയടക്കമുള്ള ചികിത്സകള്‍ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
മാള: മാളയില്‍ തെരുവ് നായ്ക്കള്‍ നാലരവയസ്സുകാരിയെ കടിച്ചുപറിച്ചു. കുഴൂര്‍ വെന്മനശ്ശേരി മധുവിന്റേയും ശ്രീലക്ഷ്മിയുടേയും നാലര വയസ്സായ മകള്‍ തേജസ്വിയെയാണ് തെരുവ് നായ ആക്രമിച്ചത്. മാതാവിനൊപ്പം മുറ്റത്ത് നില്‍ക്കവേയാണ് പുരയിടത്തിലെ മതില്‍ ചാടി കടന്നെത്തിയ തെരുവ് നായ കുട്ടിയെ കടിച്ചത്. വലത് കണ്ണിന് താഴെ നായ കടിച്ച് കീറി. ചുണ്ടിലും മുഖത്താകെയും കടിച്ചുപറിച്ചു. കുട്ടിയുടെ നാല് പല്ലുകള്‍ ഇളകിയിട്ടുമുണ്ട്. മുഖത്തും ചുണ്ടിലും പ്ലാസ്റ്റിക്ക് സര്‍ജറിയടക്കമുള്ള ചികിത്സകള്‍ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
കുട്ടിയെ ആദ്യം മാളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൂന്ന് ആഴ്ചക്കുള്ളില്‍ പേവിഷ ബാധക്കുള്ള കുത്തിവെപ്പുകള്‍ക്ക് ശേഷമേ കുട്ടിക്ക് തുടര്‍ ചികിത്സ നല്‍കാനാകൂ.
മാള കുഴൂര്‍ പ്രദേശത്ത് കുറേക്കാലമായി തെരുവ് നായ്ക്കളുടെ ആക്രമണം വ്യാപകമാണ്. ആടുകള്‍, കോഴികള്‍ തുടങ്ങിയവക്ക് നേരെയും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടാകുന്നത് പതിവാണ്. തുറന്നു കിടക്കുന്ന വീടുകളുടെ ഉള്ളിലേക്കും തെരുവുനായകള്‍ ഓടിക്കയറുന്നുണ്ട്. നായ്ക്കളെ ഭയന്ന് കുട്ടികള്‍ പുറത്തിറങ്ങി നടക്കാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.