കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയില്‍ പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണം
മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയില്‍ പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണം നിലവില്‍ വന്നു. എല്ലാ തരം യാത്രികര്‍ക്കും നിര്‍ദേശം ബാധകമാണ്.
രാജ്യത്തെ ആറ് സംസ്ഥാനങ്ങളെ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊവിഡ് പ്രഭവകേന്ദ്രങ്ങളായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറി സൂതാറാം കുണ്ടെയാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചത്. കേരളം, ഗോവ, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങി ആറ് സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് കൊവിഡ് വകഭേദം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങളെ വ്യത്യസ്ത കാറ്റഗറികളായി തിരിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.
പുതുക്കിയ ഉത്തരവ് അനുസരിച്ച് ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യാത്ര തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധന നടത്തിയതിന്റെ രേഖ ഹാജരാക്കണം. പുതുക്കിയ നിര്‍ദേശം പുറപ്പെടുവിക്കും വരെ ഇപ്പോഴത്തെ ഉത്തരവിന് പ്രാബല്യമുണ്ടാവും. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 68,631 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ സമയത്തിനുള്ളില്‍ 503 പേര്‍ മരിക്കുകയും ചെയ്തു.